തുവ്വൂർ കൊലപാതകത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അറസ്റ്റില്‍
അഡ്മിൻ
കരുവാരക്കുണ്ട് തുവ്വൂരില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു എന്ന യുവാവിന്‍റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ വിഷ്ണുവും സഹോദരങ്ങളും സുഹൃത്തും ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തും. ഫോറന്‍സിക് സംഘവും ഉന്നത ഉദ്യോഗസ്ഥരും രാവിലയോടെ സ്ഥലത്തെത്തും. പ്രാഥമിക പരിശോധനയില്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ് മൃതദേഹമുള്ളത്. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹമാണ് ഇതെന്നാണ് സൂചന.
വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ഇക്കാര്യം സ്ഥിരീകരിക്കുക. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചിട്ട കാര്യം പുറത്ത് വരുന്നത്. പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. നേരത്തെ ഇതേ പഞ്ചായത്തിലെ തന്നെ മറ്റൊരു വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. ഇരുവരും സുഹൃത്തുക്കളുമായിരുന്നു.
വിഷ്ണുവിന്റെ വീട്ടിലെ മാലിന്യ ടാങ്ക് തുറന്ന് സമീപത്തായി മറ്റൊരു കുഴി എടുത്താണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. കുഴിയുടെ മുകളിലായി മെറ്റല്‍ വിതറി കോഴിക്കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. മാലിന്യ ടാങ്കിന് സമീപം പുതിയ കുഴിയെടുത്തതായി ആരുടേയും ശ്രദ്ധയില്‍പ്പെടാത്ത രീതിയിലായിരുന്നു പ്രതികളുടെ പ്രവർത്തികള്‍. സുജിതയെ കാണാതായ വിവരം ഫെയ്‌സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചവരില്‍ ഒരാളും വിഷ്ണുവായിരുന്നു.
ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും വിഷ്ണു നല്‍കിയ മൊഴി പ്രകാരം മൃതദേഹം സുജിതയുടേത് തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്. അടുത്തിടെ തുവ്വൂർ ഗ്രാമപഞ്ചായത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആഹ്ളാദപ്രകടനം നടക്കുമ്പോൾ സുജിത ഉണ്ടായിരുന്നു. ഇതിന് ശേഷം ഉച്ചക്ക് കൃഷിഭവനിൽനിന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണെന്നു പറഞ്ഞിറങ്ങിയ സുജിതയെ ഇതിന് ശേഷമാണ് കാണാതാവുന്നത്.
ഇതേ തുടർന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കാണാതായ സുജിതയെ അവസാനമായി ഫോൺ വിളിച്ചത് വിഷ്‌ണുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.