സുജിത കൊലക്കേസ്; യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവിനെ കുടുക്കിയത് മൊബൈൽ ഫോൺ ലൊക്കേഷൻ

തുവ്വൂർ സുജിത കൊലക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവിന്‍റെ അറസ്റ്റിലേക്ക് നയിച്ചത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന. സുജിതയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനമായി കാണിച്ചത് വിഷ്ണുവിന്‍റെ വീടിന് സമീപമായിരുന്നു.

ഇതാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസിനെ പ്രേരിപ്പിച്ചത്. ഓഗസ്റ്റ് 11 മുതലാണ് സുജിതയെ കാണാതായത്. സുജിതയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ അന്ന് തന്നെ പൊലീസിൽ പരാതി നൽകി. സുജിതയെ കാണാനില്ലെന്ന് കാട്ടി വിഷ്ണു ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.

സുജിതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിഷ്ണുവും അച്ഛനും സഹോദരനും ചേർന്ന് വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് സുജിതയെ കാണാനില്ലെന്ന് കാട്ടി വിഷ്ണു തുടർച്ചയായി ഫേസ്ബുക്ക് പോസ്റ്റുകളിട്ടത്. അതിനിടെയാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുജിതയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വിഷ്ണുവിനെ കുടുക്കിയത്. കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സുജിത വിഷ്ണുവിനെ വിളിച്ചിരുന്നു.

കൂടാതെ മൊബൈൽ ഫോണിന്‍റെ ലൊക്കേഷൻ അവസാനമായി കാണിച്ചത് വിഷ്ണുവിന്‍റെ വീടിന് സമീപത്തായിരുന്നു. ഇതോടെയാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്.
തുവ്വൂർ പഞ്ചായത്തിലെ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു സുജിത. തുവ്വൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിലാണ് വിഷ്ണു ജോലി ചെയ്തിരുന്നത്. അടുത്തടുത്ത ഓഫീസുകളിൽ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഇരുവരും ചില സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും ഇതേച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

22-Aug-2023