സംഘപരിവാർ വിരുദ്ധരായ ആര്‍ക്കും പ്രധാനമന്ത്രി ആവാം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂടുതല്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നു. പ്രതിപക്ഷ നേതാക്കളില്‍ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പിന്തുണയ്ക്കും. ബി ജെ പിയെയും ആര്‍ എസ് എസിനെയും പരാജയപ്പെടുത്തുന്ന ആരെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സംഘപരിവാര്‍ വിരുദ്ധ നേതാക്കളെന്ന നിലയില്‍ മമതാ ബാനര്‍ജി, മായാവതി എന്നിവരെ പോലും പ്രധാനമന്ത്രി ആക്കുവാന്‍ രാഹുല്‍ഗാന്ധിക്ക് എതിര്‍പ്പില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ഉത്തര്‍പ്രദേശിലും ബിഹാറിലും വിജയം നേടുന്നതിലൂടെ ലോക്‌സഭയിലെ 22 ശതമാനം സീറ്റുകളും കരസ്ഥമാക്കുകയാണ് വരുന്ന തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രധാന അജണ്ടകളിലൊന്നെന്നും രാഹുല്‍ വ്യക്തമാക്കി. ഇതിനായി ഉത്തര്‍പ്രദേശിലും ബിഹാറിലും സഖ്യം രൂപവത്കരിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ ലഭിക്കാതെ വരികയാണെങ്കില്‍ പാര്‍ട്ടിക്കു പുറത്തുനിന്നുള്ള നേതാക്കളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നയം സുവ്യക്തമാക്കി.


25-Jul-2018