സുജിത വധക്കേസ്; പ്രതി വിഷ്ണുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി

തുവ്വൂര്‍ സുജിത വധക്കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാല്‍ കഴിഞ്ഞ മെയ് 24 ന് വിഷ്ണുവിനെ സംഘടന സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു.വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. അതേ സമയം വിഷ്ണു തന്റെ വീട്ടില്‍ വെച്ചു തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. സുചിതയെ കൊലപ്പെടുത്തിയെന്ന് വിഷ്ണു പോലീസിന് മൊ ഴി നല്‍കിയിട്ടുണ്ട്.

ഈ മാസം 11നാണ് കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരി സുജിതയെ കാണാതായത്. യൂത്ത് കോണ്‍ഗ്രസ് പ്രാദേശി നേതാവായ വിഷ്ണു സുജിതയെ കാണാതായെന്ന വാര്‍ത്ത പുറത്തായത് മുതല്‍ തിരച്ചിലിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാട്ടുകാര്‍ രൂപവത്കരിച്ച സുജിത തിരോധാന ആക്ഷന്‍ കമ്മിറ്റിയിലും ഇയാള്‍ അംഗമായിരുന്നു.

എന്നാല്‍, സുജിതയുടെ മൊബൈലിന്റെ അവസാന സിഗ്‌നല്‍ വിഷ്ണുവിന്റെ വീടിന് സമീപമായതിനാലും അവിടെ വിഷ്ണുവിന്റെ മൊബൈല്‍ സിഗ്‌നല്‍ രേഖപ്പെടുത്തിയതിനാലും പോലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു. മാത്രമല്ല, സുജിതയുടെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചത് നാട്ടില്‍ അറിയുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസില്‍ നടന്ന ഓണാഘോഷ പരിപാടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു. ഐ എസ് ആര്‍ ഒയില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് പഞ്ചായത്തിലെ താത്കാലിക ജോലിയില്‍ നിന്ന് ഇയാള്‍ രാജിവെക്കുകയും ചെയ്തു. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിട്ട കാര്യം സമ്മതിച്ചത്.

22-Aug-2023