എന്തുകൊണ്ടാണ് പുതുപ്പള്ളിയിലെ വികസനത്തെ സംബന്ധിച്ച് സംവാദത്തിന് തയാറാവാത്തത്: ജെയ്ക് സി തോമസ്

ഒരു താൽക്കാലിക ജീവനക്കാരിയെ യൂത്ത് കോൺഗ്രസ് നേതാവ് കൊലപ്പെടുത്തിയിട്ടും യൂത്ത്കോൺഗ്രസിന്റെ ദേശീയ ഔട്ട് റീച്ച് സെല്ലിന്റെ നേതാവുകൂടിയായ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രതികരിക്കാത്തതെന്തെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്.

. പലനേതാക്കന്മാരും പര്യടനത്തിലുണ്ട്. അവരാരും തന്നെ വിഷയത്തിൽ ഒരുതരത്തിലുള്ള വിശദീകരണത്തിനും മുതിർന്നിട്ടില്ലെന്നും ജെയ്ക് ആരോപിച്ചു. നേതാവിന്റെ നടപടി തെറ്റാണെന്നോ യൂത്ത്കോൺഗ്രസുകാർ താൽക്കാലിക ജീവനക്കാരെ കൊന്നുതള്ളുന്നവരല്ലെന്നോ ആരും പറയുന്നില്ലെന്നും അതെന്തുകൊണ്ടെന്നും ജെയ്ക് ചോദിച്ചു.

'ഞങ്ങൾ തുടരെത്തുടരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. എന്തുകൊണ്ടാണ് പുതുപ്പള്ളിയിലെ വികസനത്തെ സംബന്ധിച്ച്, ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് നിങ്ങളൊരു സംവാദത്തിന് തയാറാവാത്തത്? ഈ ചോദ്യത്തിന് ഉത്തരം തരാനോ സംവാദത്തിനോ യുഡിഎഫ് തയാറാവുന്നില്ല', ജെയ്ക് റിപ്പോർട്ടറിനോട് പറഞ്ഞു.

അതേസമയം, തുവ്വൂര്‍ കൊലപാതകക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് വിഷ്ണുവിനെ പുറത്താക്കിയത്.

യൂത്ത് കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തുവ്വൂരില്‍ യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ വിഷ്ണു, പിതാവ് മുത്തു എന്ന് വിളിക്കുന്ന കുഞ്ഞുമോന്‍, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

23-Aug-2023