വ്യാജരേഖ ചമച്ച് ജോലി ; സതിയമ്മക്കെതിരെ പോലീസില്‍ പരാതി നല്‍കി ലിജിമോള്‍
അഡ്മിൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിന് ജോലി നഷ്ടമായെന്ന ആരോപണമുയര്‍ത്തിയ സതിയമ്മക്കെതിരെ പോലീസില്‍ പരാതി. തന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന് കാണിച്ച് അയല്‍വാസിയായ ലിജിമോള്‍ ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അനില്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയ ലിജിമോള്‍ തനിക്ക് ആരോഗ്യ പ്രശ്‌നമില്ലെന്നും, രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും വ്യക്തമാക്കി. താനിപ്പോള്‍ ഐശ്വര്യ കുടുംബശ്രീ അംഗമല്ല. സാമൂഹികമാധ്യമം വഴിയാണ് തന്റെ പേരില്‍ സതിയമ്മ ജോലി ചെയ്യുന്നതും ശമ്പളം വാങ്ങിയതുമൊക്കെ അറിയുന്നതെന്നും ലിജിമോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ലിജിമോളുടെ ജോലി സതീദേവി ചെയ്ത് വരികയായിരുന്നുവെന്നും അതിനാലാണ് പിരിച്ചുവിട്ടതെന്നുമായിരുന്നു പ്രചരിച്ചിരുന്നത്. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു പിഒ സതിയമ്മ. ഉമ്മന്‍ചാണ്ടിയെ കുറിച്ച് മാധ്യമങ്ങളോട് നല്ലത് പറഞ്ഞതിനാണ് ഇവരെ പിരിച്ചുവിട്ടതെന്നായിരുന്നു യുഡിഎഫ് ആരോപണം. ലിജിമോള്‍ ആണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്‌തെന്ന് കണ്ടെത്തിയതിനാല്‍ ലിജിമോളോട് ജോലിക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി ചിഞ്ചുറാണിയും പറഞ്ഞിരുന്നു.