ഈ ഓണം സന്തോഷത്തിന്റേതാകരുത്എന്ന് ഒരു കൂട്ടർ ആഗ്രഹിച്ചിരുന്നു: മുഖ്യമന്ത്രി
അഡ്മിൻ
ഇത്തവണത്തെ ഓണം സന്തോഷത്തിന്റേതാകരുത്എന്ന് ഒരു കൂട്ടർ ആഗ്രഹിച്ചിരുന്നതായും എന്നാൽ സന്തോഷത്തിന്റെ ഓണം യാഥാർത്ഥ്യമാകുന്നത് നാട് കണ്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റിയായ കനലിന്റെ ഓണ സ്മൃതി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സപ്ലൈകോയിൽ ആവശ്യമായ സാധനങ്ങൾ ഇല്ല എന്ന് ചിലർ പ്രചരിപ്പിക്കുന്നു എന്നും പക്ഷേ ജനങ്ങൾ എത്തുമ്പോൾ അവർക്ക് സാധനങ്ങൾ കൃത്യമായി ലഭ്യമാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിലക്കയറ്റം നേരിടാൻ കൃത്യസമയത്തുള്ള വിപണി ഇടപെടൽ ഉണ്ടായി. സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ 2016ലെ അതേ വിലയിൽ തന്നെയാണ് ഇപ്പോഴും നൽകുന്നത്. ഇവയ്ക്ക് പൊതുവിപണിയിൽ വലിയ വിലയാണ്.
എല്ലാവർക്കും ക്ഷേമപെൻഷൻ കൃത്യമായി ലഭിക്കുന്നു എന്നും സംതൃപ്തമായ ഓണ നാളുകളിലേക്ക് ആണ് നാം കടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ചില നിക്ഷിപ്ത താൽപര്യക്കാർ ബോധപൂർവ്വം ചില പ്രചരണം അഴിച്ചുവിടുന്നു. ജനങ്ങൾ ഇത് വിശ്വസിക്കും എന്നുള്ള ധാരണയിൽ ആണ് അവരത് ചെയ്യുന്നത്. നേരത്തെ ഉള്ളതിനേക്കാൾ വലിയ ഭൂരിപക്ഷം നൽകിയാണ് എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയത്. ആ പിന്തുണ ജനങ്ങൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.