പുതുപ്പള്ളി ; ജെയ്ക് സി തോമസിനായി മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെത്തും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും. ഇന്ന് വൈകിട്ട് നാല് മണിയോടെ പുതുപ്പള്ളിയിലെ പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിക്കും.

വൈകിട്ട് 5.30ന് അയര്‍ക്കുന്നത്ത് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. യോഗങ്ങളില്‍ മന്ത്രിമാര്‍ അടക്കം പ്രമുഖ എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കും. പ്രചാരണം വിലയിരുത്താന്‍ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗവും ചേരും. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വാഹന പര്യടനം തുടരും.

ആഗസ്റ്റ് 30ന് ശേഷം മുഖ്യമന്ത്രി മണ്ഡലത്തില്‍ വീണ്ടും എത്തിയേക്കും. ആവേശോജ്ജ്വലമായ പ്രചാരണമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. മന്ത്രി വി എന്‍ വാസവന്റെ മേല്‍നോട്ടത്തിലാണ് പ്രചാരണ പരിപാടികള്‍. മന്ത്രിമാരും ജനപ്രതിനിധികളും ജെയ്ക് സി തോമസിനു വേണ്ടി മണ്ഡലത്തിലുണ്ട്. പികെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടന്ന മഹിളാ പ്രവര്‍ത്തകരുടെ ജാഥ മണ്ഡലത്തെ ഇളക്കി മറിച്ചിരിക്കുകയാണ്.

24-Aug-2023