തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥി ആയിരിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് മോഹന്‍ലാലിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ ഔദ്യോഗികമായി ക്ഷണക്കത്ത് നല്‍കുമെന്ന് വ്യക്തമാക്കിയത്.
മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് 107 ഓളം പേര്‍ സംയുക്ത പ്രസ്താവന പ്രസിദ്ധീകരിച്ചിരുന്നു. മോഹന്‍ലാലിന്റെ സാന്നിധ്യം വിവാദമായി മാറിയപ്പോഴാണ് സര്‍ക്കാരിന്റെ നിലപാട് മന്ത്രി വെളിപ്പെടുത്തിയത്.
മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ നഷ്ടപ്പെടുമെന്ന വാദം യുക്തിസഹമല്ല. മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങള്‍ക്കൊന്നും മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥി വേണ്ടന്ന വാദത്തോടും യോജിപ്പില്ല. നേരത്തെ തമിഴ് നടന്‍ സൂര്യ മുഖ്യാതിഥിയായി പങ്കെടുത്തിട്ടുണ്ട്. ചരിത്രം അറിയാതെയാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ക്കെങ്കിലും ആരോടെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ സാംസ്‌കാരിക വേദികള്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ എല്ലാവരും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവാദങ്ങള്‍ ഒഴിവാക്കി ചലച്ചിത്രസാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങളില്‍ പങ്കെടുക്കണം. ഏതെങ്കിലും വ്യക്തിയോടോ സംഘടനയോടോ സംസ്ഥാന സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും പ്രത്യേക താല്‍പ്പര്യമില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.