ബ്രിക്സിലേക്ക് പുതിയതായി ആറ് രാജ്യങ്ങള്‍ കൂടിയെത്തുന്നു; സ്വാഗതം ചെയ്ത് ഇന്ത്യ
അഡ്മിൻ
ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് ആറ് പുതിയ അംഗരാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ. ലോക സമ്പദ്വ്യവസ്ഥകളുടെ ഗ്രൂപ്പിംഗിന്റെ വിപുലീകരണത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അര്‍ജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാന്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളാണ് പുതിയ അംഗങ്ങള്‍.
'ഈ 3 ദിവസത്തെ ഉച്ചകോടി നല്ല ഫലമുണ്ടാക്കിയതില്‍ സന്തോഷമുണ്ട്. ബ്രിക്സിലെ അംഗങ്ങളുടെ വിപുലീകരണത്തെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ട്,' ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ മോദി പറഞ്ഞു. നിലവില്‍ ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലുള്ളത്.
നേരത്തെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് പുതിയ അംഗരാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.'അര്‍ജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാന്, സൗദി അറേബ്യ, യുഎഇ എന്നിവരെ ബ്രിക്സിലെ മുഴുവന്‍ സമയ അംഗങ്ങളാകാന്‍ ക്ഷണിക്കാന്‍ ധാരണയിലെത്തി. 2024 ജനുവരി മുതല്‍ അംഗത്വം പ്രാബല്യത്തില്‍ വരും,' ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പറഞ്ഞു.