ജി-20 : ഡല്‍ഹി അലങ്കരിക്കാന്‍ 6.75 ലക്ഷം പൂച്ചട്ടികള്‍

അടുത്ത മാസം നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനത്ത് തിരക്കിട്ട ഒരുക്കങ്ങള്‍. തനത് രീതിയില്‍ ഡല്‍ഹി അലങ്കരിക്കാന്‍ ഏകദേശം 6.75 ലക്ഷത്തോളം പൂച്ചട്ടികള്‍ എത്തിക്കും. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗ്, മദര്‍ തെരേസ ക്രസന്റ്, തീന്‍ മൂര്‍ത്തി മാര്‍ഗ്, ധൗല കുവാന്‍-ഐജിഐ എയര്‍പോര്‍ട്ട് റോഡ്, പാലം ടെക്നിക്കല്‍ ഏരിയ, ഇന്ത്യാ ഗേറ്റ് സി-ഹെക്സാഗണ്‍, മാണ്ഡി ഹൗസ്, അക്ബര്‍ റോഡ് ഗോള്‍ ചക്കര്‍, ഡല്‍ഹി ഗേറ്റ്, രാജ്ഘട്ട്, ഐടിപിഒ എന്നിവിടങ്ങളിലാണ് മോടിപിടിപ്പിക്കല്‍ നടക്കുക.

ലഫ്റ്റനന്റ് ഗവര്‍ണര്‍ (എല്‍.ജി) വികെ സക്സേനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തിലാണ് പൂച്ചട്ടികള്‍ വെച്ച് അലങ്കരിക്കാന്‍ തീരുമാനിച്ചത്. ഇത് നടപ്പാക്കാന്‍ ഏജന്‍സികളെ കണ്ടെത്താന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. വന്‍തോതില്‍ ചെടികളോ ചട്ടികളോ വാങ്ങാനുള്ള ചുമതല ഈ ഏജന്‍സികളെ ഏല്‍പ്പിക്കും.

സ്വന്തമായി നഴ്സറിയുള്ളവര്‍ക്കാണ് ഇതില്‍ മുന്‍ഗണന. അലങ്കാര ജോലികളുടെ പുരോഗതി ലഫ്റ്റനന്റ് ഗവര്‍ണര്‍ വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ട്. വനംവകുപ്പും ഡല്‍ഹി പാര്‍ക്ക് ആന്‍ഡ് ഗാര്‍ഡന്‍ സൊസൈറ്റിയും ചേര്‍ന്ന് 3.75 ലക്ഷം തൈകള്‍ (1.25 ലക്ഷം ഇലച്ചെടികളും 2.5 ലക്ഷം പൂച്ചെടികളും), പിഡബ്ല്യുഡി 50,000 (35,000 ഇലച്ചെടികളും 15,000 പൂച്ചെടികളും), ഡിഡിഎ ഒരു ലക്ഷം (85,000 ഇലച്ചെടികളും 15,000 പൂച്ചെടികളും) നട്ടു. ഇതുകൂടാതെ എന്‍ഡിഎംസി ഒരു ലക്ഷവും എംസിഡി 50,000 പൂച്ചട്ടികളും സൂക്ഷിച്ചിട്ടുണ്ട്.

61 റോഡുകളിലായി 4.05 ലക്ഷം പൂച്ചട്ടികള്‍ ഇതിനകം സ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു. ശേഷിക്കുന്ന ചട്ടികളിലെ പൂച്ചെടികള്‍ സെപ്തംബര്‍ ആദ്യവാരം നട്ടുപിടിപ്പിക്കും. അങ്ങനെ ജി-20 ഉച്ചകോടിയുടെ കാലയളവില്‍ ചെടികളില്‍ പൂക്കള്‍ നിറയുമെന്നാണ് പ്രതീക്ഷ. അതേസമയം, വരാനിരിക്കുന്ന ജി 20 യ്ക്ക് ഞങ്ങള്‍ തയ്യാറാണെന്ന് ലഫ്റ്റണന്റ് ഗവര്‍ണര്‍ പറഞ്ഞു. ഞായറാഴ്ച പാലം എയര്‍ഫോഴ്സ് സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.

28-Aug-2023