ഉദയകുമാര്‍ ഉരുട്ടിക്കൊല, രണ്ടുപേര്‍ക്ക് വധശിക്ഷ.

തിരുവനന്തപുരം :  ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍  ഒന്നും രണ്ടും പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. പോലീസുകാരായ കെ ജിതകുമാറിനും  എസ് വി ശ്രീകുമാറിനുമാണ്  പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചത്. സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്.

നാലും അഞ്ചും ആറും പ്രതികള്‍ക്ക് മൂന്നുവര്‍ഷം കഠിന തടവ് വിധിച്ച കോടതി, ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും മറ്റ് മൂന്നു പ്രതികളായ അജിത്കുമാര്‍, ഇ കെ സാബു, എ കെ ഹരിദാസ് എന്നിവര്‍ക്കെതിരെ തെളിവുനശിപ്പിച്ചതിനുള്ള ഗൂഢാലോചനാ കുറ്റവുമാണ് കണ്ടെത്തിയത്. ഒന്നും  രണ്ടും പ്രതികള്‍ കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളും മറ്റ് പ്രതികള്‍ തെളിവുനശിപ്പിക്കാന്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും ചെയ്തതായി കോടതി കണ്ടെത്തി. കേസില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പൊലീസുകാരനായ സോമന്‍ ആറുമാസംമുമ്പ് മരിച്ചു. മറ്റൊരു പ്രതി മോഹനനെ കോടതി കുറ്റവിമുക്തനാക്കി.

2005 സപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നില്‍ക്കെയാണ് ഉദയകുമാറിനെ ഫോര്‍ട്ട് സ്‌റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് സ്‌റ്റേഷനിലെത്തിച്ച് മറ്റൊരുപ്രതിയായ സോമനും ചേര്‍ന്ന് ലോക്കപ്പില്‍ ഉരുട്ടിക്കൊന്നു. എസ് ഐ ആയിരുന്ന അജിത് കുമാര്‍, സി ഐ ആയിരുന്ന ഇ കെ സാബു, അസി. കമീഷണറായിരുന്ന എ കെ ഹരിദാസ് എന്നിവര്‍  പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് കള്ളക്കേസ് എടുത്തു. ആദ്യം െ്രെകംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരായിരുന്നു പ്രതികള്‍. വിചാരണസമയത്ത് ദൃക്‌സാക്ഷികള്‍ കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.

പ്രതികള്‍ ചെയ്തത് ഹീനമായ കുറ്റമാണെന്ന് കോടതി കണ്ടെത്തി. സിബിഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി പി മനോജ്കുമാറാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. പ്രതികളായ ഇ കെ സാബു ഡിവൈഎസ്പിയായും എ കെ ഹരിദാസ് എസ്പിയായും സര്‍വീസില്‍നിന്ന് വിരമിച്ചു. യു ഡി എഫ് സര്‍ക്കാര്‍ കാലത്ത് ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് കൈയ്യാളുമ്പോഴാണ് പോലീസ് സ്‌റ്റേഷന്‍ ഉരുട്ടിക്കൊലയ്ക്ക് വേദിയായത്. ആ സമയത്ത് കേസ് ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു യു ഡി എഫ് സര്‍ക്കാരും ഉമ്മന്‍ചാണ്ടിയും ചെയ്തത്. തുടര്‍ന്ന് സിപിഐ എം നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഡി വൈ എഫ് ഐ സംഘടിപ്പിച്ച ജനകീയ കോടതിയില്‍ ഉമ്മന്‍ചാണ്ടിയെ പ്രതീകാത്മകമായി വിചാരണ ചെയ്ത് കുറ്റക്കാരനായി വിധിക്കുകയും ചെയ്തിരുന്നു. കോടതി വിധിയോട് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം തേടിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചില്ല.

25-Jul-2018