കർഷകർക്കു നേരെയുള്ള വെടിവെപ്പിൽ രണ്ട് പേർ മരിച്ചതായി മണിപ്പൂർ പോലീസ്

ദിവസങ്ങൾ നീണ്ട ശാന്തതയ്ക്ക് ശേഷം മണിപ്പൂരിലെ ജനങ്ങളുടെ കാതുകളിലേക്ക് ആഴ്ന്നിറങ്ങി വെടിയൊച്ചകൾ.കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂർ, മെയ്തേയ് ആധിപത്യമുള്ള ബിഷ്ണുപൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വീണ്ടും കനത്ത വെടിവെപ്പ്.

നരൻസേനയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ കർഷകർക്കു നേരെയുള്ള വെടിവെപ്പിൽ രണ്ട് പേർ മരിച്ചതായി മണിപ്പൂർ പോലീസ് അറിയിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്. പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ജില്ലാ പോലീസ്, അസം റൈഫിൾസ്, സൈന്യം, കേന്ദ്ര സേന എന്നിവ പ്രതികരിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

മണിപ്പൂരിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായാണ് സംഘർഷാവസ്ഥ തുടരുന്നത്.സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ വെടിവെപ്പിൽ രണ്ടു പേർക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.ഖോയ്‌റെന്റക്കിനും തിനംഗേയ് മേഖലയ്ക്കും ഇടയിൽ കനത്ത വെടിവെപ്പാണ് നടക്കുന്നതെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അതിനിടെ മറ്റൊരു സംഭവത്തിൽ, മലയടിവാരത്തിൽ ഒരു കർഷകന് തീവ്രവാദികളിൽ നിന്ന് വെടിയേറ്റതായി സംശയമുണ്ട്. നരൻസേന വാർഡ് നമ്പർ 8ൽ താമസിക്കുന്ന ഐബോട്ടന്റെ മകൻ സലാം ജോട്ടിൻ (40) ഇന്ന് രാവിലെ തിനംഗേയ് മാനിംഗിന് ലെയ്കൈയിലെ തന്റെ നെൽവയലിൽ പോകുന്നതിനിടെയാണ് വെടിയേറ്റത്.

നെഞ്ചിൽ വെടിയേറ്റ അദ്ദേഹത്തെ ഇംഫാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാളുടെ നില ഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.മെയ് മാസത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ 140 ഓളം പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.

30-Aug-2023