ഇമ്രാന്‍ഖാന്‍ 116 , നോട്ടൗട്ട്.

പാകിസ്ഥാന്‍ :  പാകിസ്ഥാനില്‍ പാര്‍ലമെന്റിലേക്കു നടന്ന വോട്ടെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി (പി ടി ഐ) 116 സീറ്റില്‍ മുന്നില്‍. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടനുസരിച്ച് നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് (പി എം എല്‍ എന്‍) 45 സീറ്റില്‍ ലീഡ് ചെയ്യുന്നു. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി) 34 സീറ്റുകളുടെ മുന്‍കൈ നേടിയിട്ടുണ്ട്. 272 സീറ്റുകളിലാണു വോട്ടെടുപ്പ് നടന്നത്. 23 സീറ്റുകളില്‍ സ്വതന്ത്രര്‍ ലീഡ് ചെയ്യുന്നുണ്ട്. തൂക്കുസഭയ്ക്കു സാധ്യത കല്‍പ്പിക്കുന്ന ഫലങ്ങളാണ് ആദ്യ ഘട്ടത്തില്‍ പുറത്തുവരുന്നത്.

ആകെ 342 അംഗങ്ങളാണു പാക് ദേശീയ അസംബ്ലിയിലുള്ളത്. ഇവരില്‍ 272 പേരെയാണ് നേരിട്ടു തെരഞ്ഞെടുക്കുക. ബാക്കി 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും 10 എണ്ണം മതന്യൂനപക്ഷത്തിനുമായി നീക്കിവയ്ക്കുന്നതാണ്. അഞ്ചു ശതമാനത്തിലേറെ വോട്ടുകള്‍ നേടുന്ന കക്ഷികള്‍ അവരുടെ അംഗബലത്തിന് അനുസൃതമായി ഈ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതാണു രീതി.

26-Jul-2018