അവിശ്വസനീയം അദാനിയുടെ വളർച്ച

ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടുകളിലൊന്ന് എന്നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരി തിരിമറിയെ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) വിശദീകരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരി വില കൃത്രിമമായി ഉയര്‍ത്തിക്കാട്ടാന്‍ രണ്ട് പങ്കാളികളെയും അവരുടെ ഓഫ്‌ഷോര്‍ സ്ഥാപനങ്ങളെയും ഉപയോഗിച്ചെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍.

ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിന് പിന്നാലെ സുപ്രീംകോടതി ഇടപെട്ട അന്വേഷണം നടന്നെങ്കിലും അദാനി ഗ്രൂപ്പിനെ പിടിക്കാനായില്ല. ഈ അന്വേഷണങ്ങള്‍ ഫലം കാണാത്തിടത്താണ് തെളിവുകളുമായി ഒസിസിആര്‍പി എത്തുന്നത്.

രഹസ്യമായി സ്വന്തം കമ്പനികളില്‍ നിക്ഷേപം നടത്തി ഓഹരി മൂല്യം ഉയര്‍ത്തി, ഓഫ്‌ഷോര്‍ സ്ഥാപനങ്ങള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. ഇത്തരത്തിൽ രണ്ട് ഓഫ്ഷോർ കമ്പനികൾ വഴി നിക്ഷേപം നടത്തിയവരുടെ വിവരങ്ങളും അവർക്ക് അദാനി ഗ്രൂപ്പുമായുള്ള വർഷങ്ങളോളമുള്ള ബന്ധവും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

അവിശ്വസനീയം അദാനിയുടെ വളർച്ച

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഏറെ അടുപ്പമുള്ള ഗൗതം അദാനിയുടെ സ്ഥാപനത്തിന്റെ വളര്‍ച്ച ആരേയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 2013ലെ എട്ട് ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ നിന്ന് 2022ലെത്തുമ്പോള്‍ 260 ബില്യണ്‍ ഡോളറിലേക്ക് അദാനി ഗ്രൂപ്പ് കുതിച്ചുയര്‍ന്നു. വിമാനത്താവളം, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങി അദാനി ഗ്രൂപ്പ് കൈവയ്ക്കാത്ത മേഖലകളില്ല.

പ്രധാന സര്‍ക്കാര്‍ ടെൻഡറുകളും അവര്‍ സ്വന്തമാക്കി. നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധം അദാനിക്ക് മുതല്‍ക്കൂട്ടായെന്ന പ്രതിപക്ഷ ആരോപണം ജനുവരിയിലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരെ രാഷ്ട്രീയ ആരോപണം മാത്രമായി നിന്നു. അദാനി ഗ്രൂപ്പിന്റെ ഇ-മെയിലുകള്‍, ബാങ്ക് റെക്കോര്‍ഡുകള്‍, നികുതി രേഖകള്‍ തുടങ്ങി നിരവധി രേഖകളാണ് ഇപ്പോള്‍ തെളിവായി ഒസിസിആര്‍പി മുന്നോട്ടുവയ്ക്കുന്നത്.

നിഴൽ കമ്പനികളും നിക്ഷേപവും

അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം നടത്തിയ ചില 'പൊതു' നിക്ഷേപകര്‍ സ്ഥാപനത്തിന് അകത്തു നിന്നുള്ളര്‍ തന്നെയെന്നതാണ് പ്രധാന ആരോപണം. മൗറീഷ്യസ് ആസ്ഥാനമായ കമ്പനികള്‍ വഴി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഇങ്ങനെ അദാനി ഓഹരികളിലെത്തി. ഇത്തരത്തിലുള്ള രഹസ്യ നിക്ഷേപകരില്‍ ചിലര്‍ക്ക് അദാനി ഗ്രൂപ്പുമായും കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാകുകയാണ്.

അതാര്യ നിക്ഷേപം നടത്തിയ രണ്ട് ഓഫ്‌ഷോര്‍ സ്ഥാനങ്ങളുടെ പേര് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഇതിന് പിന്നിലുള്ള നിക്ഷേപകരുടെ പേര് ആദ്യമായാണ് പുറത്തുവരുന്നത്. യുഎഇ സ്വദേശി നാസര്‍ അലി ഷബാന്‍ അഹ്ലി,തായ്വാനില്‍ നിന്നുള്ള ചാങ് ചുങ്-ലിങ് എന്നിവര്‍ ഇത്തരത്തില്‍ അദാനിഗ്രൂപ്പില്‍ നിക്ഷേപം നടത്തിയവരാണെന്ന് ഒസിസിആര്‍പി കണ്ടെത്തി. ഇവര്‍ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ഓഹരി പങ്കാളികളോ ഡയറക്ടര്‍മാരോ ആയിരുന്നു എന്നാണ് കണ്ടെത്തല്‍.
ഇവരുടെ നിക്ഷേപങ്ങളുടെ ചുമതലയുള്ള മാനേജ്മെന്റ് കമ്പനി, നിക്ഷേപം സംബന്ധിച്ച് ഉപദേശം നല്‍കാന്‍ വിനോദ് അദാനിയുടെ കമ്പനിക്ക് പണം നല്‍കിയെന്നും രേഖകളിലുണ്ട്. ഇരുവരും റിപ്പോര്‍ട്ടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതാര്യ നിക്ഷേപം നടത്തിയ രണ്ട് ഓഫ്‌ഷോര്‍ സ്ഥാനങ്ങളുടെ പേര് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഇതിന് പിന്നിലുള്ള നിക്ഷേപകരുടെ പേര് ആദ്യമായാണ് പുറത്തുവരുന്നത്.

എമര്‍ജിങ് ഇന്ത്യ ഫോക്കസ് ഫണ്ട് (EIFF) ഇഎം റിസര്‍ജെന്റ് ഫണ്ട്( EMRF) എന്നിവയിലൂടെയാണ് രണ്ട് വിദേശ നിക്ഷേപകരും പണം നിക്ഷേപിച്ചത്. 2013 നും 2018 നും ഇടയില്‍ നാല് അദാനി കമ്പനികളില്‍ ( അദാനി പവര്‍ , അദാനി എന്‌റര്‍പ്രൈസസ്, അദാനി പോര്‍ട്ട്, അദാനി ട്രാന്‍സ്മിഷന്‍സ്) വലിയ അളവിലുള്ള ഓഹരിക്കച്ചവടത്തിന് അഹ്ലിയും ചാങ്ങും ഈ ഫണ്ട് ഉപയോഗിച്ചു. അദാനി ഗ്രൂപ്പുകള്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം നടന്ന രണ്ട് സര്‍ക്കാര്‍ അന്വേഷണങ്ങളിലും അഹ്‌ലിയുടെയും ചാങ്ങിന്റെയും പേരുകള്‍ ഉയര്‍ന്നിരുന്നു.

ധനമന്ത്രാലയത്തിന കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‌റലിജന്‍സ് (ഡിആർഐ) 2007 ലും 2014 ലും എടുത്ത കേസുകള്‍ പിന്നീട് റദ്ദാക്കപ്പെട്ടു. 2007 ലെ ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ ചാങ്, മൂന്ന് അദാനി സ്ഥാനങ്ങളുടെ ഡയറക്ടറാണ്. അനധികൃത വജ്രവ്യാപാരത്തില്‍ അഹ്‌ലിയുടെ സ്ഥാപനത്തിന് പങ്കുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. 2014 ലെ കേസില്‍ ഇരുവരെയും വിനോദ് അമ്പാനിയുടെ സ്ഥാപനത്തിന്‌റെ ഡയറക്ടറെന്നാണ് സൂചിപ്പിച്ചിരുത്തുന്നത്. മുന്‍ കാലത്ത് ഇരുവര്‍ക്കും അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധം ഉണ്ടെന്നതിന് പുറമെ അദാനി സ്റ്റോക്കിലെ ചാങ്ങിന്റെയും അഹ്ലിയുടെയും വ്യാപാരം അദാനി കുടുംബവുമായി ഏകോപിപ്പിച്ചിരുന്നു എന്ന വെളിപ്പെടുത്തലും പുതിയ റിപ്പോര്‍ട്ടിലുണ്ട്.

 

31-Aug-2023