ബൈപ്പാസ് കീഴാറ്റൂരില്‍ കൂടി തന്നെ
അഡ്മിൻ
കണ്ണൂര്‍ : നിര്‍ദിഷ്ട തളിപ്പറമ്പ് ബൈപ്പാസ് കീഴാറ്റൂര്‍ വഴിതന്നെയെന്ന് കേന്ദ്രത്തിന്റെ അന്തിമ വിജ്ഞാപനം. പ്രാഥമിക വിജ്ഞാപനപ്രകാരം അളന്നുതിരിച്ച് കല്ലിട്ട അലൈന്മെന്റില് ഒരു മാറ്റവും വരുത്താതെയാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. കീഴാറ്റൂരില്‍ സമരം നടത്തിയ ബി ജെ പി, കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അലൈന്മെന്റ് മാറ്റുമെന്ന് പറഞ്ഞിരുന്നു. ബി ജെ പിയുടെ സമ്മര്‍ദ്ദം കേന്ദ്രത്തില്‍ ഏശിയില്ല എന്നതിന്റെ തെളിവാണ് അന്തിമ വിജ്ഞാപനം. ആര് എസ് എസും അരാഷ്ട്രീയ സോഷ്യല്‍മീഡിയാ ഗ്രൂപ്പുകളും പോപ്പുലര്‍ ഫ്രണ്ടടക്കമുള്ള തീവ്രവാദ സംഘടനകളും തളിപ്പറമ്പ് ബൈപ്പാസ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ച് സമരവുമായി കൈകോര്‍ത്തിരുന്നു. സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലുള്ള വയല്ക്കിളിക്കൂട്ടത്തിനും അന്തിമ വിജ്ഞാപനം തിരിച്ചടിയാവുകയാണ്.
ദേശീയപാത അതോറിറ്റിയാണ് വിശദമായ സര്‍വേയിലൂടെ അലൈന്മെന്റ് നിശ്ചയിച്ചത്. നഷ്ടപരിഹാരം കുറയ്ക്കുന്നതിനായി വീടുകളും കെട്ടിടങ്ങളും പരമാവധി ഒഴിവാക്കുക എന്നതാണ് എക്കാലവും എന്‍എച്ച്എഐ അനുവര്‍ത്തിക്കുന്ന നയം. ജനങ്ങളുടെ എതിര്‍പ്പും പ്രായോഗിക ബുദ്ധിമുട്ടുകളും വലിയൊരളവോളം കുറയ്ക്കാനാകും. തളിപ്പറമ്പ് നഗരത്തെ ഒഴിവാക്കി ബൈപ്പാസ് കീഴാറ്റൂര്‍ വഴിയാക്കിയതിനു പിന്നിലും ഈ കാരണങ്ങളായിരുന്നു.എന്നാല്‍, ഭൂമി നഷ്ടപ്പെടുന്ന ചിലരെ തെറ്റിദ്ധരിപ്പിച്ചു മുന്നില്‍ നിര്‍ത്തി കീഴാറ്റൂരിനെ സംസ്ഥാന സര്‍ക്കാരിനെതിരായ സമരകേന്ദ്രമാക്കി മാറ്റാനാണ് പ്രതിലോമശക്തികള്‍ ശ്രമിച്ചത്. കുമ്മനം രാജശേഖരനടക്കമുള്ള ബിജെപി നേതാക്കള്‍ പരസ്യമായി ഇവര്‍ക്കു പിന്തുണ നല്കി. അതേസമയം, ബൈപ്പാസ് ഏതുവഴി വേണമെന്നു നിശ്ചയിക്കേണ്ടത് എന്‍എച്ച്എഐയും കേന്ദ്രസര്‍ക്കാരുമാണെന്ന സുചിന്തിത നിലപാടാണ് സിപിഐ എമ്മും എല്‍ഡിഎഫ് സര്‍ക്കാരും െകൈക്കൊണ്ടത്. നിശ്ചിത അലൈന്മെന്റ് പുനപ്പരിശോധിക്കുന്നതില്‍ ഭിന്നാഭിപ്രായമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ കരിവെള്ളൂര്‍( കിലോമീറ്റര്‍ 104.00) മുതല്‍ പാപ്പിനിശേരി തുരുത്തി(കിലോമീറ്റര്‍ 148.00) വരെയുള്ള 44 കിലോ മീറ്റര്‍ ദൂരത്തില്‍ ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി അക്വയര്‍ ചെയ്യുന്നതിനുള്ള 3ഡി വിജ്ഞാപനമാണിപ്പോള് പുറത്തുവന്നിട്ടുള്ളത്. മൊത്തം 53.5482 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ഈ വര്‍ഷം ജനുവരി നാലിനാണ് അലൈന്മെന്റ് നിശ്ചയിച്ച് ദേശീയപാത നിയമത്തിലെ 3എ വകുപ്പു പ്രകാരം പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. തളിപ്പറമ്പ് താലൂക്കിലെ കരിവെള്ളൂര്‍, വെള്ളൂര്‍, കോറോം, പരിയാരം, തളിപ്പറമ്പ്, മോറാഴ, കണ്ണൂര്‍ താലൂക്കിലെ കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി, കല്യാശേരി, പാപ്പിനിശേരി എന്നീ വില്ലേജുകളില്‍ ഉള്‍പ്പെടുന്നതാണ് ഏറ്റെടുക്കേണ്ട ഭൂമി. ഇതില്‍ കുപ്പം പുഴക്കര മുതല്‍ കീഴാറ്റൂര്‍, കൂവോടു വഴി കുറ്റിക്കോല്‍ വരെ 5.7 കിലോമീറ്റര്‍ ദൂരത്തിലാണ് തളിപ്പറമ്പ് ബൈപ്പാസ്. ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) സമര്‍പ്പിച്ച പട്ടിക അതേപടി അംഗീകരിച്ച് ഈ മാസം 13നാണ് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 17ന് കേന്ദ്രസര്‍ക്കാരിന്റെ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
26-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ