കര്‍ഷകര്‍ക്ക് വേണ്ടി ജീവന്‍ കൊടുത്ത് പോരാടിയവരാണ് ഇടതുപക്ഷം: ഇപി ജയരാജൻ

കര്‍ഷകരോടൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ ഉള്ളതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. നെല്ല് സംഭരണത്തില്‍ കേന്ദ്രം 650 കോടി കേരളത്തിന് നല്‍കിയിട്ടില്ല. ഇടതുപക്ഷത്തിന്റെ പോരാട്ടം കൊണ്ടാണ് ഇന്നത്തെ നിലയില്‍ കര്‍ഷകര്‍ മെച്ചപ്പെട്ടത് എന്നും ജയരാജന്‍ പറഞ്ഞു.

വസ്തുത അറിഞ്ഞു വേണം കലാകാരന്മാര്‍ പ്രതികരിക്കേണ്ടത്. വികസനത്തെ അലങ്കോലപ്പെടുത്താനാണ് യു ഡി എഫ് ശ്രമിക്കുന്നത് എന്നും ജയരാജന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്നു മനസിലാക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് വേണ്ടി ജീവന്‍ കൊടുത്ത് പോരാടിയവരാണ് ഇടതുപക്ഷം. ഇന്നത്തെ കേരളം എങ്ങനെ രൂപപ്പെട്ടുവെന്നും അടിമകളായി കഴിഞ്ഞിരുന്ന കര്‍ഷകര്‍ എങ്ങനെ ഇന്നത്തെ നിലയില്‍ ആയി എന്നും ആരോപണം ഉന്നയിക്കുന്നവര്‍ ചിന്തിക്കണം. കര്‍ഷകര്‍ ഓണം നല്ല രീതിയില്‍ ആഘോഷിക്കാന്‍ കഴിയട്ടെ എന്ന നിലയില്‍ ആണ് സര്‍ക്കാര്‍ പെരുമാറിയതെന്നും ജയരാജന്‍ വ്യക്തമാക്കി. കലാകായിക രംഗത്തുള്ളവരും ഇക്കാര്യങ്ങള്‍ മനസിലാക്കണം എന്നും ജയരാജന്‍ പറഞ്ഞു.

01-Sep-2023