ഏകോപന സമിതിയെ പ്രഖ്യാപിച്ച് പ്രതിപക്ഷ സഖ്യം' ഇന്ത്യ'

മുംബൈയിൽ മൂന്നാം യോഗം ചേരുന്ന പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' ഘടകകക്ഷികളിൽ നിന്നുള്ള 13 അംഗങ്ങൾ അടങ്ങുന്ന കേന്ദ്ര ഏകോപന സമിതിയെ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കണമെന്ന പ്രമേയവും സഖ്യം പാസാക്കി. അംഗ കക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും അവർ അറിയിച്ചു.

ഇന്ത്യ സഖ്യത്തിന്റെ 13 അംഗ കോർഡിനേഷൻ പാനലിൽ താഴെപ്പറയുന്നവർ ഉൾപ്പെടുന്നു: കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, എൻസിപി മേധാവി ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, എഎപി എംപി രാഘവ് ഛദ്ദ, സമാജ്‌വാദി പാർട്ടിയിൽ നിന്നുള്ള ജാവേദ് ഖാൻ, ജനതാദൾ യുണൈറ്റഡ് ദേശീയ പ്രസിഡന്റ് ലാലൻ സിംഗ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഐ നേതാവ് ഡി രാജ, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്‌തി.

എന്നാൽ, ഏകോപന സമിതിയുടെ തലവനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യോഗത്തിൽ പുറത്തിറക്കിയ പ്രമേയത്തിൽ, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽഅംഗ പാർട്ടികൾ കഴിയുന്നിടത്തോളം ഒരുമിച്ച് മത്സരിക്കുമെന്ന് സഖ്യം അറിയിച്ചു. “വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് പങ്കിടൽ ക്രമീകരണങ്ങൾ ഉടനടി ആരംഭിക്കുകയും സഹകരണ മനോഭാവത്തിൽ എത്രയും വേഗം അവസാനിപ്പിക്കുകയും ചെയ്യും” പ്രമേയത്തിൽ പറയുന്നു.

01-Sep-2023