സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ പരാതി നല്‍കി ജെയ്ക് സി. തോമസിന്റെ ഭാര്യ

സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ പരാതി നല്‍കി പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതു. കോട്ടയം എസ്.പി ഓഫിസിലെത്തിയാണു പരാതി നല്‍കിയത്. പരാതിയില്‍ രാഷ്ട്രീയമില്ലെന്ന് ഗീത മാധ്യമങ്ങളോട് പറഞ്ഞു. ഗര്‍ഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ എന്ന പ്രയോഗം ഒന്‍പതു മാസം ഗര്‍ഭിണിയായ ഒരു സ്ത്രീ എന്ന നിലയില്‍ ഏറെ വേദനിപ്പിച്ചെന്നും അവര്‍ പറഞ്ഞു.

ഇത്തരം സൈബര്‍ അധിക്ഷേപങ്ങള്‍ എല്ലാവരെയും വിഷമിപ്പിക്കുന്നതാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ മോശം കമന്റ് ഇടുന്നുണ്ട്. ഇതാദ്യമായല്ല പ്രചാരണത്തിനിറങ്ങുന്നത്. കഴിഞ്ഞ വട്ടവും പ്രചാരണത്തിനു പോയിരുന്നു. ഇത്തവണ ഗര്‍ഭിണിയായതുകൊണ്ട് തൊട്ടടുത്തുള്ള വീടുകളില്‍ മാത്രമാണു പോയത്.

ജെയ്ക്കിനെ നാലാം തരക്കാരനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ പറഞ്ഞു. ഇത്തരം സൈബര്‍ അതിക്രമങ്ങള്‍ തുടര്‍ച്ചയായി നേരിടുകയാണ്. ജെയ്ക്കിന്റെ സ്വത്ത് പറഞ്ഞും പ്രചാരണമുണ്ടായി. ഇതിനുശേഷം ജെയ്ക്കിന്റെ മരിച്ചുപോയ അച്ഛനെതിരെ പോലും പ്രായമെല്ലാം പറഞ്ഞു വളരെ മോശമായ രീതിയില്‍ സൈബര്‍ അധിക്ഷേപമുണ്ടായി.

ഇത്തരം പ്രവൃത്തികള്‍ എല്ലാവരെയും മാനസികമായി വേദനിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാന്‍ ശ്രമിക്കുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണമുണ്ടായത്. ഗീതു വോട്ട് അഭ്യര്‍ത്ഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം.

02-Sep-2023