അഭിമന്യു വധം : നിര്‍ണായക തെളിവുമായി ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

എറണാകുളം : മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ മിനുട്‌സ് ബുക്ക് സഹിതം സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫയെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായ മുഹമ്മദ് റിഫ എറണാകുളം ലോകോളേജ് വിദ്യാര്‍ത്ഥിയും കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തയാളുമാണ്. ഒന്നാം പ്രതി മുഹമ്മദിനൊപ്പം പ്രധാനപങ്കാളിയായ മുഹമ്മദ് റിഫയേയും പിടികൂടിയത് പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ്. അഭിമന്യുവിനെ വകവരുത്താനായി കൊലയാളി സംഘത്തെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് റിഫയാണെന്നാണ് സൂചന. ഇതോടെ അന്വേഷണ സംഘത്തിന്റെ പിടിയിലായവരുടെ എണ്ണം പതിനഞ്ചായി. കൊലയാളി സംഘത്തില്‍പ്പെട്ട പള്ളുരുത്തി സ്വദേശി സനീഷിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ട്രേഡ് യൂണിയന്‍ നേതാവാണ് സനീഷ്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഖ്യപ്രതിയും ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദ്, ആദില്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളായ അനൂപ്, നാസര്‍ എന്നിവരും കസ്റ്റഡിയിലാണ്. ബംഗളൂരുവില്‍ നിന്നുമാണ് റിഫ പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട 14 പേരില്‍ മൂന്ന് പ്രധാന പ്രതികളും ഇതോടെ പോലീസിന്റെ വലയിലായി. ഇനി ഗൂഡാലോചനയിലും കൃത്യത്തിലും പങ്കാളികളായ മൂന്ന് പ്രധാന പ്രതികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൂടി പോലീസിന്റെ പിടിയിലാകാനുണ്ട്. കൊലപാതകികളെ രക്ഷപെടാനും തെളിവു നശിപ്പിക്കാനും സഹായം നല്‍കിയവരാണ് മറ്റുള്ളവര്‍.

കൊലയാളി സംഘത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മുഹമ്മദ് റിഫയില്‍ നിന്നും കിട്ടിയെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ആരാണ് കുത്തിയത്, ആരൊക്കെയാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ റിഫയില്‍ നിന്ന് പോലീസിന് ലഭിക്കും. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ റിഫയുടെ ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് നാലു ദിവസം  പ്രവര്‍ത്തിച്ചിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുന്നു എന്ന ഘട്ടത്തില്‍ ഇയാള്‍ അക്കൗണ്ട് നിശ്ചലമാക്കി മുങ്ങുകയായിരുന്നു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ മിനുട്‌സ് ബുക്കില്‍ രേഖപ്പെടുത്തി നടത്തിയ കൊലപാതകമായതുകൊണ്ട് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയിലുള്ള എല്ലാവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അന്വേഷക സംഘത്തിന് സ്ഥാപിക്കാനാവും. മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടന സംസ്ഥാന കമ്മറ്റി കൂടി തീരുമാനിക്കണം എങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നിര്‍ദേശിച്ചത് പ്രകാരമാണ് കൊലപാതകം നടന്നത്. അതിനാല്‍ ഇനിയും നിരവധി അറസ്റ്റുകളുണ്ടാവാനുള്ള സാധ്യതയുണ്ട്.  


26-Jul-2018