'ഇന്ത്യ' എന്ന പേര് തന്നെ ബിജെപിക്ക് പേടിയും പനിയും ഉണ്ടാക്കുന്നു: എം കെ സ്റ്റാലിൻ

മഹാരാഷ്ട്രയിലെ മുംബൈയില്‍ നടന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗത്തില്‍ സഖ്യത്തിനായി ഒരു പൊതു മിനിമം പ്രോഗ്രാം (സിഎംപി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍.''സിഎംപി ഇന്ത്യന്‍ സഖ്യത്തിന്റെ മുഖമായിരിക്കും. ബിജെപി ഭരണം രാജ്യത്തെ പലതരത്തില്‍ നശിപ്പിച്ചു. അത് പഴയ പടിയാക്കാന്‍ ഞങ്ങള്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു റോഡ് മാപ്പ് ആളുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം.

സ്വേച്ഛാധിപത്യ ബിജെപി ഭരണത്തെ പരാജയപ്പെടുത്തി ജനാധിപത്യം സ്ഥാപിക്കുന്നതിന് ആവശ്യമായ നയങ്ങളോടും തത്വങ്ങളോടും കൂടി ഇന്ത്യന്‍ സംഘം അണിനിരക്കണമെന്ന് സ്റ്റാലിന്‍ ഊന്നിപ്പറഞ്ഞു. 'ഈ ആദര്‍ശങ്ങള്‍ പ്രതിപക്ഷ സംഘത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളായി വര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഭരണം ഇല്ലാതാക്കി കേന്ദ്രത്തില്‍ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ സര്‍ക്കാര്‍ സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ ഫലപ്രദമായി ഒറ്റപ്പെടുത്താന്‍, ബിജെപിയെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളെയും നമ്മുടെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാ നേതാക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്റ്റാലിന്‍ പറഞ്ഞു.

ബിജെപി പരാജയപ്പെടുമെന്നതില്‍ സംശയമില്ല. സഖ്യം വിജയത്തിന്റെ പാതയിലാണ്. ഇന്ത്യ എന്ന പേര് തന്നെ കാവി പാര്‍ട്ടിക്ക് 'ഭയവും പനിയും' ഉണ്ടാക്കുന്നു, ''അദ്ദേഹം പറഞ്ഞു. യോഗത്തില്‍ അഞ്ച് ഡിഎംകെ എംപിമാരെ ഇന്ത്യ ബ്ലോക്കിന്റെ വിവിധ കമ്മിറ്റികളിലേക്ക് നിയമിച്ചിരുന്നു.

ടിആർ ബാലുവിനെ ഏകോപന, തിരഞ്ഞെടുപ്പ് തന്ത്ര സമിതി അംഗമായി നിയമിച്ചു. തിരുച്ചി ശിവ പ്രചാരണ സമിതിയുടെ ഭാഗമാകും. ദയാനിധി മാരനും കനിമൊഴി കരുണാനിധിയും സോഷ്യൽ മീഡിയയുടെ വർക്കിംഗ് ഗ്രൂപ്പിൽ അംഗങ്ങളായും എ രാജയെ ഗവേഷണത്തിനുള്ള വർക്കിംഗ് ഗ്രൂപ്പിൽ അംഗമായും നിയമിച്ചു.

02-Sep-2023