പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ തള്ളി സിപിഎം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ചുള്ള സര്‍വേ ഫലങ്ങള്‍ തള്ളി സിപിഎം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങളെല്ലാം വെറും രചനകൾ ആണെന്നും, സർവേകൾ അല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ പ്രതികരിച്ചു.

പുതുപ്പള്ളിയിൽ മികച്ച വിജയം നേടാൻ സാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു. നൂറാളെ കണ്ടു ചോദിച്ചാൽ പുതുപ്പള്ളിയുടെ ജനവികാരം അറിയാൻ സാധിക്കുമോയെന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷമുണ്ടാകുമെന്നായിരുന്നു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദ ഫോര്‍ത്തിന് വേണ്ടി എഡ്യുപ്രസ് രണ്ട് ഘട്ടമായി നടത്തിയ സര്‍വെയിലെ നിഗമനം. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"പല സർവേകളും വരുന്നുണ്ട് എന്നാൽ അതൊക്കെ വെറും കള്ള പ്രചാരവേലയാണ്. ഇനിയും സർവേകൾ വരും, എന്നാൽ അതല്ല നിലവിലെ സ്ഥിതി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയ്ക്ക് സി തോമസിന് ജയിക്കാൻ ആവശ്യമായ ഭൂരിപക്ഷം ജനങ്ങൾ ഞങ്ങൾക്ക് നൽകും. ഭൂരിപക്ഷം എത്ര ലഭിക്കും എന്നൊന്നും പറയുന്നില്ല. പക്ഷെ പരമാവധി വീടുകളിൽ നേരിട്ട് ചെന്ന് ജനങ്ങളെ കണ്ടു കഴിഞ്ഞു" പുതുപ്പള്ളി തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കവെ എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

രാഷ്ട്രീയ നിലപാട് വച്ച് പുതുപ്പള്ളിയിൽ മത്സരിക്കുമെന്നാണ് ആദ്യം മുതലേ എൽഡിഎഫ് പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വികസനവും രാഷ്ട്രീയവും സംസ്ഥാന സർക്കാരിനെ കുറിച്ചും കേന്ദ്ര സർക്കാരിനെ കുറിച്ചുമെല്ലാം പുതുപ്പള്ളിയിൽ ചർച്ച ചെയ്തു. ജെയ്ക് നാലാം നിരക്കാരൻ എന്ന് പറഞ്ഞവർക്ക് വരെ ഈ ചർച്ചയിലേക്ക് വരേണ്ടി വന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

02-Sep-2023