അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎം സഹായത്താൽ വീടൊരുങ്ങുന്നു

ഇടുക്കി : ക്യാമ്പസ‌് ഫ്രണ്ട‌്, പോപ്പുലർ ഫ്രണ്ട‌് വർഗീയ തീവ്രവാദികൾ കൊലപ്പെടുത്തിയ എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവും, മഹാരാജാസിലെ എസ‌്എഫ‌്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎമ്മിന്റെ നേതൃത്വത്തിൽ വീടൊരുങ്ങുന്നു. 

മൂന്ന് കിടപ്പുമുറികളും ഒരു ഹാളും ഒരു അടുക്കളയും ഒരു പൂജാമുറിയും ഉൾപ്പെടുന്ന 1250 സ്‌ക്വയർ ഫിറ്റ് വീടാണ് അഭിമന്യുവിന്റെ കുടുംബത്തിന് വേണ്ടി ഒരുങ്ങുന്നത്. വീട് നിര്‍മ്മിക്കുന്നതിനായി കൊട്ടകാമ്പൂരിൽ സി പി എം വാങ്ങിയ സ്ഥലത്താണ് വീട് നിര്‍മ്മാണം പുരോഗമിക്കുന്നത്. അഭിമന്യുവിന്റെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജൂലൈ 23ന്  കൊട്ടകാമ്പൂരിൽ ശിലാസ്ഥാപനം നടത്തിയിരുന്നു. മൂന്ന് മാസം കൊണ്ട് വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കോടിയേരി പറഞ്ഞു.

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഐ എം ഇടുക്കി, എറണാകുളം ജില്ലാകമ്മിറ്റികള്‍ സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് വീട് നിര്‍മ്മാണം നടക്കുന്നത്. എറണാകുളം ജില്ലയില്‍ നിന്ന് മാത്രം  2,11,19,929 രൂപ‌യാണ് അഭിമന്യുവിനായി സമാഹരിച്ചത്. ഇതിനു പുറമെ 16 മോതിരവും ഏഴു കമ്മലും 12 സ്വർണനാണയവും നാലു വളയും ഒരു സ്വർണലോക്കറ്റും ലഭിച്ചിരുന്നു. 

ജില്ലയിലെ 20 ഏരിയ കമ്മിറ്റികളുടെ കീഴിൽ പാർടിയുടെയും വർഗ﹣ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ രണ്ടുദിവസം നടന്ന ഹുണ്ടികപ്പിരിവിലൂടെ ലഭിച്ച പണമാണ‌് ഇതിലേറെയും. വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും സഹായം എത്തിച്ചു. ഫെഡറൽ ബാങ്കിൽ തുടങ്ങിയ അഭിമന്യു കുടുംബസഹായ ഫണ്ട‌് അക്കൗണ്ടിൽ ബുധനാഴ‌്ചവരെ എത്തിയ 39,48,070 രൂപയും ഇതിൽ ഉൾപ്പെടും. അക്കൗണ്ടിലേക്ക‌് ഇപ്പോഴും സഹായം എത്തുകയാണ‌്. ഏരിയ കമ്മിറ്റികൾവഴി 1,63,51,299 രൂപയും ജില്ലാകമ്മിറ്റിക്ക‌് നേരിട്ട‌് 8,20,560 രൂപയുമാണ‌് ലഭിച്ചത‌്. ഇതിന് പുറമെയാണ് ഇടുക്കി ജില്ലയില്‍ നിന്നുള്ള സംഭാവനകള്‍. മറ്റ് ജില്ലകളിലെ സിപിഐ എം പ്രവര്‍ത്തകരോട് ജനങ്ങള്‍ സംഭാവന നല്‍കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട അർജുന്റെയും വിനീതിന്റെയും ചികിത്സക്കുകൂടിയാണ‌് ഫണ്ടിന‌് ആഹ്വാനംചെയ‌്തത‌്.

27-Jul-2018