തിരുവോണത്തിന് വീട്ടില്‍ ബീഫും മീനും വിളമ്പുമെന്ന വ്യാജപ്രചരണം; പരാതി നല്‍കി പി കെ ശ്രീമതി

വാട്‌സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പൊലീസില്‍ പരാതി നല്‍കി. തിരുവോണത്തിന് വീട്ടില്‍ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി പറഞ്ഞതായാണ് വ്യാജപ്രചരണം.

പി കെ ശ്രീമതിയുടെ ഫോട്ടോ സഹിതമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ പൊലീസില്‍ പി കെ ശ്രീമതി പരാതി നല്‍കി. വാട്‌സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി കണ്ണൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

മതസ്പര്‍ദ്ധ ഉണ്ടാക്കാനുള്ള നീക്കമാണിതെന്ന് പി കെ ശ്രീമതി പരാതിയില്‍ ആരോപിച്ചു. പി കെ ശ്രീമതി പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

04-Sep-2023