'ഗണഗീതം' വ്യാജ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് മീഡിയ വണ്
അഡ്മിൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വാർത്താ റിപ്പോര്ട്ടിംഗിൽ സിപിഐ എം പ്രവർത്തകരെ സംഘപരിവാറുകാരായി ചിത്രീകരിച്ച് വാർത്ത നൽകിയ മീഡിയ വൺ ചാനൽ ഖേദം പ്രകടിപ്പിച്ചു.ആർ എസ് എസ് ഗണഗീതത്തിന്റെ താളത്തിൽ സിപിഐ എമ്മുകാര് പാട്ടുപാടി എന്നത് തെറ്റായ താരതമ്യമാണെന്ന് മനസിലായെന്നും ഗൗരവപൂര്വം അന്വേഷിക്കുമെന്നും മീഡിയ വൺ എഡിറ്റർ വാര്ത്താക്കുറിപ്പിൽ പറഞ്ഞു.
ചുവപ്പ് തലക്കെട്ട് കാവിയായത് ക്യാമറയുടെ തകരാറ് മൂലമാണെന്നും വിഷയം ഗൗരവമാണെന്നും അന്വേഷിക്കുമെന്നും മീഡിയ വണ് പറയുന്നു. ദൃശ്യങ്ങള്‍ വ്യാജമായി ഉണ്ടാക്കിയതാണ് എന്ന് ഉടനടി സോഷ്യല്‍ മീഡിയ തെളിയിക്കുകയായിരുന്നു.'ജെയ്ക്കിന് വേണ്ടി പാട്ട് പാടി വോട്ടുചോദിച്ച് പ്രവര്‍ത്തകര്‍' എന്ന നിലയില്‍ കാവി തലക്കെട്ടുമായി നില്‍ക്കുന്ന ദൃശ്യം മീഡിയ വണ്‍ പ്രചരിപ്പിച്ചപ്പോള്‍ അതേ വ്യക്തികള്‍ ചുവന്ന തലക്കെട്ടുമായി പാട്ടുപാടുന്ന ദൃശ്യങ്ങള്‍ 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടു.
'ആര്‍എസ്എസ് രണഗീതത്തിന്റെ താളത്തില്‍ ജെയ്ക്കിന് വേണ്ടി പാട്ട്പാടി വോട്ടുചോദിച്ച് പ്രവര്‍ത്തകര്‍', എന്ന് ആദ്യം വാര്‍ത്ത നല്‍കിയ മീഡിയ വണ്‍, പിന്നീടതിലെ രണഗീതം ആര്‍എസ്എസ് ഗണഗീതമാക്കി മാറ്റി. എന്നാല്‍ തുടര്‍ന്നും തങ്ങളുടെ വര്‍ഗീയ പ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍, 'ജെയ്ക്കിന് വേണ്ടി പാട്ടുപാടി വോട്ടുചോദിച്ച് പ്രവര്‍ത്തകര്‍' എന്ന് ഫേസ്ബുക്ക് തലക്കെട്ട് തിരുത്തുകയായിരുന്നു.