ടെൻഡറില്ലാതെ അദാനിക്ക് കാറ്റാടി വൈദ്യുതപദ്ധതി: കരാര്‍ മാറ്റണമെന്ന് ശ്രീലങ്ക

500 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി പദ്ധതി നടപ്പാക്കാൻ ടെൻഡറില്ലാതെ അദാനി ഗ്രൂപ്പിന് നൽകിയ കരാർ ഇന്ത്യയുമായുള്ള മാറ്റണമെന്ന ആവശ്യവുമായി ശ്രീലങ്ക.പൊതു ലേലത്തിലൂടെയല്ലാതെ പദ്ധതി അദാനിക്ക് നൽകുന്നതിൽ നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ഈ ആവശ്യം. അതേസമയം, അദാനി ഗ്രീൻ എനർജി ലിമിറ്റഡിനെ (ഇന്ത്യ) ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധിയായി അംഗീകരിച്ചിട്ടുണ്ടോ എന്ന ചോദ്യം ശ്രീലങ്കൻ പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

അദാനിയുമായുള്ള കരാർ ഇന്ത്യയുമായുള്ള കരാറാക്കി മാറ്റാനുള്ള നിർദ്ദേശം ശ്രീലങ്കൻ ഊർജ മന്ത്രി കാഞ്ചന വിജശേഖര മന്ത്രിസഭയുടെ മുമ്പാകെ സമർപ്പിച്ചു. പദ്ധതിയെ ഇന്ത്യ-ശ്രീലങ്ക സർക്കാരുകൾ തമ്മിലുള്ള ഒരു കരാറായി കണക്കാക്കുന്നതിന്റെ കാരണങ്ങൾ ഈ നിർദ്ദേശം വിശദീകരിക്കുന്നു. രാജ്യത്ത് ഊര്‍ജ പദ്ധതികളില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നത് മത്സര ലേലത്തിലൂടെയായിരിക്കണമെന്ന് ശ്രീലങ്കൻ വൈദ്യുതി നിയമം വ്യക്തമാക്കുന്നതായി മന്ത്രിസഭാ രേഖ വ്യക്തമാക്കുന്നു.

അദാനിയുടെ കാര്യത്തിൽ ഇക്കാര്യം പാലിക്കപ്പെട്ടിട്ടില്ല.അദാനിക്ക് ലഭിച്ച കരാർ സര്‍ക്കാരുകള്‍ തമ്മിലുള്ള പദ്ധതിയായി മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കാമെന്ന് കാഞ്ചന വിജേശേകെര സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നതായി ദ സൺഡേ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ശ്രീലങ്കയിലെ വടക്കൻ മാന്നാർ ജില്ലയിൽ കാറ്റാടി വൈദ്യുതപദ്ധതി നടപ്പാക്കാൻ 2022 മാർച്ചിലാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡി (ഇന്ത്യ)ന് കരാർ ലഭിച്ചത്. തുടക്കം മുതല്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു ഈ പദ്ധതി.

04-Sep-2023