ഇടുക്കി അണക്കെട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു. ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : ഇടുക്കി അണക്കെട്ടിലെ വെള്ളം തുറന്നുവിടേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചുകൂട്ടിയത്.

വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസങ്ങള്‍ എന്തൊക്കെയാണെന്നും മനസിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്താന്‍ യോഗം തീരുമാനിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുളള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്.

ഇടുക്കി റിസര്‍വോയറില്‍ സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുപ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി വെള്ളമുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നീരൊഴുക്കാണുള്ളത്. ഇതേതുടര്‍ന്നാണ് വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. യോഗത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി മാത്യൂ ടി. തോമസ്, റവന്യൂ അഡീഷണല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഇതിന് മുമ്പ് 1992 ലാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടത്. അതിനുശേഷം തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇടുക്കിയില്‍ ജലനിരപ്പ് ഇത്രയും ഉയരുന്നത് ആദ്യമാണ്. ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ ഇടുക്കി, എറണാകുളം കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

27-Jul-2018