രാജ്യത്തിന്റെ പേര് മാറ്റുമെന്നത് വെറും അഭ്യൂഹമെന്ന് കേന്ദ്രസർക്കാർ; വിശദീകരണം

രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നതിൽ നിന്നും 'ഭാരത്' ആക്കി മാറ്റുമെന്ന വാർത്തകൾ വെറും അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര സർക്കാർ.പേര് മാറ്റം അഭ്യൂഹം മാത്രമാണെന്നും പേര് മാറ്റുമെങ്കിൽ അക്കാര്യം കേന്ദ്രം അറിയിക്കുമെന്നും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.

വിഷയത്തിൽ കോൺഗ്രസിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ജി 20 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് അഭ്യൂഹം പ്രചരിപ്പിക്കുന്നത് എന്നും ആരോപിച്ചു.സാമൂഹിക മാധ്യമങ്ങളിൽ അടക്കം രാജ്യത്തിന്റെ പേര് മാറ്റം വലിയ ചർച്ചയാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഈ വിഷയത്തിലുള്ള പ്രതികരണം.

അതേസമയം ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം കനക്കുകയാണ്. ജി20 ഉച്ചകോടിക്കായി തയാറാക്കിയ ചെറുപുസ്തകത്തിലും ഇന്ത്യക്ക് പകരം ഭാരത് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതും വലിയ രീതിയിൽ ചർച്ചയായി.ഇതോടെയാണ് രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായുള്ള അഭ്യൂഹങ്ങൾ ഉയർന്നത്.

06-Sep-2023