പുതുപ്പള്ളിയിൽ ബിജെപി വോട്ട് യുഡിഎഫിന് മറിക്കാനുള്ള സാധ്യത കൂടുതലാണ്: എംവി ജയരാജൻ

ചാണ്ടി ഉമ്മന് നേരെ പരിഹാസവുമായി സിപിഎം നേതാവ് എംവി ജയരാജൻ. ചാണ്ടി ഉമ്മൻ ജയിച്ചിട്ട് വേണം ക്യൂവിലുള്ള ബൂത്തിലെ വോട്ടർമാരെ അടുത്ത ബൂത്തിലേക്ക് അയക്കാനെന്നും തിരക്കുള്ള ഹോട്ടലിൽ പോകുന്നതു പോലെയല്ല ബൂത്ത് മാറ്റമെന്നും എംവി ജയരാജൻ പറഞ്ഞു.

പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നും ബിജെപി വോട്ട് യുഡിഎഫിന് മറിക്കാനുള്ള സാധ്യത കൂടുതലാണെന്നും എംവി ജയരാജൻ അഭിപ്രായപ്പെട്ടു.അതേ സമയം നാളെ രാവിലെ എട്ട് മണിക്കാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍. കോട്ടയം ബസേലിയസ് കോളേജില്ലാണ് വോട്ടെണ്ണൽ ആരംഭിക്കുക.

മണ്ഡലത്തില്‍ ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ 20 മേശകളിലായി സൂഷ്‌മമായി എണ്ണും.ഇതിലെ 14 മേശകള്‍ വോട്ടിംഗ് മെഷിനീല്‍ നിന്നുള്ള കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണാന്‍ അഞ്ച് മേശകള്‍ ഒരുക്കിയിരിക്കുമ്പോള്‍ അവശേഷിക്കുന്ന ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകള്‍ എണ്ണും.

07-Sep-2023