പുതുപ്പള്ളിയിൽ കെട്ടിവെച്ച കാശുപോലും കിട്ടാതെ ബിജെപി
അഡ്മിൻ
ചാണ്ടി ഉമ്മൻ ജയിച്ച പുതുപ്പള്ളിയിൽ ബിജെപിയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെടും. ആകെ 6558 വോട്ടു മാത്രമാണ് ബിജെപിക്ക് നേടാനായത്. 2021 ൽ നേടിയതിനേക്കാൾ 5136 വോട്ടിന്റെ കുറവ്. വോട്ട് ശതമാനം 8.87ൽ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പിൽ കെട്ടിവച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല.
ആകെ പോൾ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകൾ നേടിയാൽ മാത്രമേ കെട്ടിവച്ച പണം തിരികെ കിട്ടൂ. 1982 ലാണ് പുതുപ്പള്ളിയിൽ ബിജെപി ആദ്യമായി മത്സരിക്കുന്നത്. ആ തിരഞ്ഞെടുപ്പിൽ അഞ്ച് ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മത്സരിച്ചെങ്കിലും വോട്ട് ശതമാനം വർധിപ്പിക്കാനായില്ല.
2014ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലേറിയതിനുശേഷം വന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് അവർക്ക് വോട്ട് ശതമാനത്തിൽ വലിയ വർധന ഉണ്ടായത്. 2011ലെ 5.71 ശതമാനത്തിൽനിന്ന്, 2016ൽ 11.93 ശതമാനത്തിലേക്ക് ഉയർന്നു.