ഇപ്പോള്‍ വെള്ളം 2393 അടി, 2 അടികൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട്.
അഡ്മിൻ
ഇടുക്കി : മഴ ശമിച്ചെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് ജനങ്ങളില്‍ ആശങ്ക വിതയ്ക്കുന്നു. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. രണ്ട് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവരും. ആദ്യ ജാഗ്രതാ നിര്‍ദേശം വ്യാഴാഴ്ച നല്‍കിയിരുന്നു. അധികൃതര്‍ ജലനിരപ്പ് നിരീക്ഷിച്ചുകൊണ്ട് ജാഗ്രതയോടെ നില്‍ക്കുകയാണ്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തും. 2403 അടി സംഭരണശേഷിയുള്ള ഇടുക്കി ഡാമിനുള്ളത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസങ്ങളില്‍ ഇടുക്കി ഡാമില്‍ 2319.08 അടി വെള്ളമാണ് ഉണ്ടായിരുന്നത്. വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്താന്‍ ആരംഭിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുളള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്. റവന്യൂ, ജലവിഭവ വകുപ്പുകളും കെ.എസ്.ഇ.ബിയും ചേര്‍ന്നാണ് സര്‍വെ നടത്തുന്നത്. ഇതിന് മുമ്പ് 1992ലാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടത്. ഈ സീസണില്‍ ഇടുക്കിയില്‍ 192.3 സെന്റിമീറ്റര്‍ മഴ ലഭിച്ചു. ദീര്‍ഘകാല ശരാശരിയെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണിത്.
അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിനു മുമ്പ് ഇടുക്കി ഡാം തുറന്നുവിടുമെന്ന് വൈദ്യുതവകുപ്പു മന്ത്രി എം എം മണി ഇന്നത്തെ ജനപ്രതിനിധികളുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ലെന്നും അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 2400 അടിയിലെത്തുന്നതിനു മുമ്പ് അണക്കെട്ട് ക്രമേണ തുറന്നുവിട്ട് അപകടസാധ്യത ഒഴിവാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന് സുരക്ഷാ മുന്‍കരുതലുകള്‍ ഏകോപിപ്പിക്കും. നേരത്തെ തന്നെ റവന്യൂ, ഇറിഗേഷന്‍, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് അണക്കെട്ടിന്റെ താഴെ ഭാഗത്ത് സര്‍വേ നടത്തിയിരുന്നു. പെരിയാറിന്റെ താഴെ ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
28-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ