പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ‌അതിൽ കൂടുതലൊന്നും പറയാൻ ഇല്ല.

ലോകം കീഴടക്കിയ സംഭവം പോലെ വാർത്തയാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും റിയാസ് പറഞ്ഞു.'അതിന്റെ പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. കേരളത്തിൽ എല്ലാ തിരഞ്ഞെടുപ്പും കഴിഞ്ഞു എന്ന രീതിയിലാണ് പ്രചാരണം. കേരളത്തിലെ എൽഡിഎഫ് ആകെ ദുർബലപ്പെട്ടു, സർക്കാർ ആകെ പ്രയാസത്തിലാണ് എന്നൊക്കെ വരുത്തി തീർക്കാനുള്ള ശ്രമമാണിത്.

എല്ലാ കാലത്തും അത്തരമൊരു ശ്രമം നടന്നിട്ടുണ്ട്. 2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആരൊക്കെ ഏതൊക്കെ മന്ത്രിയാവുമെന്നായിരുന്നു ചർച്ച. എന്നാൽ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടി കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു തുടർഭരണം ഉണ്ടായി.

ബോധപൂർവ്വമായ പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. എല്ലാം കീഴടക്കി കഴിഞ്ഞുവെന്നാണ് പ്രചാരണം. ജനവിധി മാനിക്കുന്നു. എന്തെങ്കിലും വിഷയങ്ങൾ പരിശോധിക്കേണ്ടതുണ്ടോ എന്ന് ഞങ്ങൾ വിശകലനം ചെയ്യും.' മുഹമ്മദ് റിയാസ് പറഞ്ഞു. വിവാദ വിഷയങ്ങളിൽ മൗനം പാലിച്ചുവെന്ന കാര്യത്തിൽ എന്ത് വേണമെങ്കിലും പറഞ്ഞോളുവെന്നും റിയാസ് കൂട്ടിച്ചേർത്തു.

09-Sep-2023