കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിലെ അവഗണനക്കെതിരെ ചെന്നിത്തല
അഡ്മിൻ
കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിലെ അവഗണനയിൽ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ പ്രതികരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രൂക്ഷമായ പ്രതികരണത്തിന് ചെന്നിത്തല തയ്യാറായേക്കില്ല.
കടുത്ത നിലപാട് സ്വീകരിക്കണമെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം. രാവിലെ 9-ന് വഴുതക്കാട്ടെ വീട്ടിലാണ് ചെന്നിത്തലയുടെ വാർത്ത സമ്മേളനം. തുടർച്ചയായി പാർട്ടിയിൽ അവഗണന നേരിടുന്നു എന്നാണ് ചെന്നിത്തല വിഭാഗത്തിന്റെ പ്രധാന പരാതി.
ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ നീക്കത്തിന് കോൺഗ്രസ് തുടക്കമിട്ട പശ്ചാത്തലത്തിൽ പാർട്ടിയെ വെല്ലുവിളിക്കേണ്ടതില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്.39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് നേതാക്കളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ശശി തരൂർ, കെ സി വേണുഗോപാല്‍, എ കെ ആന്റണി എന്നിവരാണ് പ്രവര്‍ത്തക സമിതിയിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായുമാണ് തിരഞ്ഞെടുത്തത്. സിപിഐ വിട്ടെത്തിയ കനയ്യകുമാറും സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടം നേടി.