വിഴിഞ്ഞത്ത് ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തും

വിഴിഞ്ഞത്ത് ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തും. ചൈനയിൽ നിന്നുള്ള കപ്പൽ വൈകിട്ട് നാല് മണിയോടെ തീരമണയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പേരും ലോഗോയും 20ന് പ്രകാശനം ചെയ്യുമെന്നും ഒക്ടോബറിൽ ഷിപ്പിംഗ് കോൺക്ലേവ് നടത്തുമെന്നും മന്ത്രി അഹമ്മദ് ദേവർകോവില്‍ അറിയിച്ചു.

തുറമുഖ നിർമ്മാണത്തിന് വേണ്ട ക്രെയിനുകളുമായുള്ള കപ്പലാണ് ചൈനയിൽ നിന്ന് എത്തുന്നത്. മൂന്ന് സെമി ഓട്ടോമാറ്റിക്ക് ക്രെയിനുകളുമായി കപ്പൽ ചൈനയിലെ ഷാങ്ഹായി ഷെന്ഹുവാ തുറമുഖത്ത് നിന്നാണ് പുറപ്പെട്ടത്. 100 മീറ്റർ ഉയരവും 60 മീറ്റർ കടലിലേക്ക് തള്ളി നില്ക്കുകയും ചെയ്യുന്ന 5600 ടൺ ഭാരമുള്ള ഒരു സൂപ്പര്‍ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ക്രെയിനുകളുമാണ് കപ്പലിൽ എത്തിക്കുന്നത്.

കപ്പൽ നങ്കൂരമിടുന്നതിനുള്ള സംവിധാനങ്ങളുമായി വിഴിഞ്ഞം സജ്ജമായികഴിഞ്ഞു. ഇതിന് ആവശ്യമായ ബെർത്ത് നിർമ്മാണവും പുലിമുട്ട് നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ക്രെയിന്‍ എത്തിയ ശേഷം ബെർത്തിൽ ഉറപ്പിക്കും. ഈ ക്രെയിനുകള്‍ ഉപയോഗിച്ചായിരിക്കും യാർഡിലെത്തുന്ന കപ്പലുകളിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കുകയും കയറ്റുകയും ചെയ്യുക. സംസ്ഥാനവും രാജ്യവും ഉറ്റു നോക്കുന്ന വികസന പദ്ധതിയുടെ ആദ്യ ഘട്ട പൂർത്തീകരണം ആഘോഷമാക്കി മാറ്റാനാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ശ്രമം.

11-Sep-2023