കെ ഫോൺ പരിപാലന ചെലവ് പറഞ്ഞ് പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു: മുഖ്യമന്ത്രി

കെ ഫോൺ നടത്തിപ്പുമായി ബന്ധപ്പെട്ട തുക പറഞ്ഞ് പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പിസി വിഷ്ണുനാഥിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കെ-ഫോൺ: ചട്ടം 285 പ്രകാരം പി.സി വിഷ്ണുനാഥ് ഉന്നയിച്ച ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

കെ-ഫോൺ പദ്ധതിയുടെ നടത്തിപ്പു ചുമതല നിർവ്വഹിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബി.ഇ.എൽ) ആണ്. ബി.ഇ.എൽ, റെയിൽ ടെൽ, എസ്.ആർ.ഐ.ടി, എൽ.എസ്. കേബിൾസ് എന്നിവയുടെ കൺസോർഷ്യം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രാഥമിക സർവ്വേ നടപടികളും വിശദമായ പ്രോജക്ട് അവലോകനങ്ങളും നടത്തി ആവശ്യമായ അനുമതി ലഭ്യമാക്കിയ ശേഷം മാത്രമാണ് ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യവുമായി 2019 മാർച്ച് 8 ന് കരാർ ഒപ്പിട്ടത്. സംസ്ഥാനത്തെ മുപ്പതിനായിരത്തിലധികം വരുന്ന സർക്കാർ സ്ഥാപനങ്ങളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനുവേണ്ടി ഒപ്ടിക്കൽ നെറ്റ്‌വർക്ക് ശൃംഖല ഒരുക്കുന്നതിനാണ് കരാർ.

അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി അടുത്ത ഘട്ടത്തിൽ പ്രത്യേക ടെണ്ടർ നടപടികളിലൂടെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ ഇന്റർനെറ്റ് കണക്ഷൻ നൽകണമെന്നും വ്യവസ്ഥ ചെയ്തു.സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളെ രണ്ടു വർഷത്തോളം പ്രതികൂലമായി ബാധിച്ചു.

ദേശീയപാതാ വികസന പ്രവർത്തനങ്ങളും റൈറ്റ് ഓഫ് വേ ലഭിക്കുന്നതിനുള്ള കാലതാമസവും മറ്റു സാങ്കേതിക തടസ്സങ്ങളും ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ സാധ്യമായ ഇടങ്ങളിൽ 97 ശതമാനം പൂർത്തീകരണം നടത്താനായിട്ടുണ്ട്.പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള ചിലവും ഒരു വർഷത്തെ പരിപാലന ചിലവായ 104 കോടി രൂപയും ഉൾപ്പെടെ 1,028.20 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയത്.

എന്നാൽ ഏഴു വർഷത്തെ നടത്തിപ്പും പരിപാലന ചിലവും കൂടി ഉൾപ്പെടുത്തിയാണ് ടെണ്ടർ നടപടി സ്വീകരിച്ചത്. ഇതുപ്രകാരം 7 വർഷത്തെ പരിപാലന ചിലവ് 728 കോടി രൂപ വരും. എന്നാൽ, ബി ഇ എൽ ഇതിനായി 363 കോടി രൂപയാണ് ക്വാട്ട് ചെയ്തത്.ഇതും ജി എസ് ടിയും കൂടി ഉൾപ്പെട്ട തുകയായ 1,628.35 കോടി രൂപയ്ക്കാണ് പദ്ധതി നടപ്പാക്കുന്നതിന് കൺസോർഷ്യത്തിന് അനുമതി നൽകിയത്. 7 വർഷത്തെ പരിപാലന ചിലവിന്റെ സ്ഥാനത്ത് ഒരു വർഷത്തെ പരിപാലന ചിലവിന്റെ തുക ഉൾപ്പെടുത്തിയാണ് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പരിപാലന ചിലവിനുള്ള തുക കെ-ഫോണിന്റെ ബിസിനസ്സ് പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് കണ്ടെത്തേണ്ടത്. കിഫ്ബി വായ്പയും നടത്തിപ്പു വരുമാനത്തിൽ നിന്നും തിരിച്ചടയ്ക്കും. സംസ്ഥാന സർക്കാരിന് പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല. ആയതിനാൽ, സംസ്ഥാന സർക്കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്.

നടപടി ക്രമങ്ങളെല്ലാം പൂർണ്ണമായും പാലിച്ചാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കിയത്. 55 ശതമാനം ഘടകങ്ങൾ ഇന്ത്യൻ നിർമ്മിതമായിരിക്കണം എന്ന വ്യവസ്ഥ പാലിച്ചാണ് ഒപ്ടിക്കൽ ഗ്രൗണ്ട് വയർ കേബിളുകൾ കരാറുകാർ നൽകിയിട്ടുള്ളതെന്ന് ടെക്‌നിക്കൽ കെ-ഫോൺ കമ്മിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.

11-Sep-2023