സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. അത്തരക്കാരുടെ നാവ് പിഴുതെടുക്കുമെന്നും, കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നും ഷെഖാവത്ത് പറഞ്ഞു. ബിജെപിയുടെ പരിവർത്തൻ സങ്കൽപ് യാത്രയ്ക്കിടെ രാജസ്ഥാനിലെ ബാർമറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് കേന്ദ്ര മന്ത്രിയുടെ പരാമർശം.
"നമ്മുടെ പൂർവികർ ജീവൻ പണയം വച്ച് സംരക്ഷിച്ച സനാതന ധർമ്മം അവസാനിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണ്, ഇനി അത്തരക്കാർക്ക് മാപ്പില്ല. സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നവരുടെ നാവ് ഞങ്ങൾ പിഴുതെടുക്കും, അതിനെ പുച്ഛത്തോടെ നോക്കുന്നവരുടെയെല്ലാം കണ്ണുകൾ ചൂഴ്ന്നെടുക്കും"- ഗജേന്ദ്ര സിംഗ് പറഞ്ഞു. സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്ന ആർക്കും രാജ്യത്ത് അവരുടെ രാഷ്ട്രീയ ശക്തിയും സ്ഥാനവും സ്ഥാപിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡിഎംകെ നേതാവ് ഉദയ്നിധിയുടെയും നടൻ പ്രകാശ് രാജിന്റെയും സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങളോട് ബിജെപി എംപി സാധ്വി പ്രജ്ഞയും പ്രതികരിച്ചു . സനാതന ധർമ്മം അവസാനിപ്പിക്കാൻ ആർക്കും സാധിക്കില്ലെന്നും ഡിഎംകെ നേതാവ് ഉദയ്നിധിയെയും നടൻ പ്രകാശ് രാജിനെയും പോലുള്ളവർ രാജ്യത്തിനെതിരായി സംസാരിക്കുന്ന വീരന്മാരല്ല, വില്ലന്മാരാണെന്നും അവർ പറഞ്ഞു. സനാതന ധർമ്മത്തെ കുഷ്ഠം, മലേറിയ, ഡെങ്കിപ്പനി, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളെന്ന് വിശേഷിപ്പിച്ചവർ ഈ രോഗങ്ങളുടെ ദുരിതം അനുഭവിക്കണമെന്നും അതാണ് തന്റെ പ്രാർത്ഥനയെന്നും അവർ പറഞ്ഞു.