തെരഞ്ഞെടുപ്പിന്റെ മൊത്തം ചെലവിന്റെ 60 ശതമാനം വോട്ടിംഗ് യന്ത്രങ്ങള്‍ക്കു വേണ്ടിയാണ്: തോമസ് ഐസക്
അഡ്മിൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുകയാണെങ്കില്‍ ചെലവ് കുറയുമെന്നത് അബദ്ധധാരണയാണെന്ന് മുന്‍ധനകാര്യമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിന്റെ മൊത്തം ചെലവിന്റെ 60 ശതമാനം വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വേണ്ടിയാണ്.
ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണെങ്കില്‍ അധികം വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങേണ്ടി വരും. 6000 കോടി രൂപയെങ്കിലും ഈ ഇനത്തില്‍ അധികച്ചെലവ് ഉണ്ടാവുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിനോടൊപ്പം തദ്ദേശഭരണ തെരഞ്ഞെടുപ്പു കൂടി നടത്താന്‍ തീരുമാനിച്ചാല്‍ അത്രയും കൂടുതല്‍ വോട്ടിംഗ് യന്ത്രങ്ങളും ചെലവുകളും കൂടുതലായി വേണ്ടി വരും. തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിന്റെ ഫലമായി തെരഞ്ഞെടുപ്പു ചെലവ് ചുരുക്കാമെന്ന വാദം ശുദ്ധ ഭോഷ്‌കാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. തെരഞ്ഞെടുപ്പു ചെലവിന്റെ മൊത്തം തുക കാണിച്ച് മനുഷ്യരെ വിരട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
തോമസ് ഐസക്കിന്റെ കുറിപ്പ് പൂർണ്ണരൂപം:
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്നതു നടപ്പാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ദുര്‍വ്യയം ഒഴിവാക്കപ്പെടുന്നതാണു വലിയ നേട്ടമായി കേന്ദ്രമന്ത്രിമാര്‍ തന്നെ വിശദീകരിക്കുന്നത്. എന്താണു വസ്തുത? തെരഞ്ഞെടുപ്പ് ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്നൂവെന്നത് അവിതര്‍ക്കിതമാണ്. 1951-52-ലെ ആദ്യ ലോകസഭാ തെരഞ്ഞെടുപ്പിനു 10 കോടി രൂപയേ ചെലവ് വന്നുള്ളൂ. 1971-ലെ അഞ്ചാമത് ലോകസഭാ തെരഞ്ഞെടുപ്പുവരെ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ചെലവ് ഏതാണ്ട് ഇതേ തോതില്‍ തുടര്‍ന്നു.
പിന്നെ അനുക്രമമായ വളര്‍ച്ചയാണ് കാണാന്‍ കഴിയുന്നത്. 1989-ലെ 9-ാം ലോകസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി 100 കോടി കടന്നത്. 2004-ലെ 14-ാം ലോകസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി 1000 കോടി കടന്നു. 2014-ലെ 16-ാമതു ലോകസഭാ തെരഞ്ഞെടുപ്പിലാണ് റെക്കോര്‍ഡ് തുക കുതിച്ചുചാട്ടമുണ്ടായത്. സര്‍ക്കാര്‍ ചെലവ് 3870 കോടി രൂപയായി. 2019-ലെ 16-ാമതു ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചെലവ് 3870 കോടി രൂപയാണ്. 2019-ല്‍ 8966 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിനു ചെലവായത്.
സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചെലവ് സംസ്ഥാന സര്‍ക്കാരുകളാണു വഹിക്കുന്നത്. അത് എത്രയെന്നു കൃത്യമായ കണക്കുകള്‍ ഇല്ല. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കിയാല്‍ ചെലവില്‍ ഗണ്യമായ കുറവ് ഉണ്ടാക്കാന്‍ കഴിയുമെന്നാണു വാദം. ഇവരുടെ അടിസ്ഥാന അനുമാനം നിയമസഭാ തെരഞ്ഞെടുപ്പിന് ലോകസഭാ തെരഞ്ഞെടുപ്പിനു തുല്യമായ തുക സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്കുന്നുണ്ട് എന്നതാണ്. കേന്ദ്രമന്ത്രിമാര്‍ വരെ ആവര്‍ത്തിക്കുന്ന ഒരു അബദ്ധധാരണയാണിത്.
2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ ചെലവായ 8966 കോടി രൂപയില്‍ 5430 കോടി രൂപ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കാണു ചെലവായത്. എന്നുവച്ചാല്‍ തെരഞ്ഞെടുപ്പിന്റെ മൊത്തം ചെലവിന്റെ 60 ശതമാനം വോട്ടിംഗ് യന്ത്രങ്ങള്‍ക്കു വേണ്ടിയാണ്. ഇതേ യന്ത്രങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പിനും ഉപയോഗിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിന്റെ ആയുസ് 15 വര്‍ഷമാണ്. 2019-ല്‍ വാങ്ങിയവ 2024-ലെ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാം. എന്നാല്‍ ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണെങ്കിലോ?
ഇത്രതന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ പുതിയതായി വാങ്ങേണ്ടിവരും. കാരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രത്യേക വോട്ടിംഗ് യന്ത്രങ്ങള്‍ വേണ്ടിവരും. 5000-6000 കോടി രൂപയെങ്കിലും ഈ ഇനത്തില്‍ അധികച്ചെലവ് ഉണ്ടാവും. ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തിയാല്‍ വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തിലെങ്കിലും ചെലവ് ഇരട്ടിയാക്കുകയാണു ചെയ്യുക.
12-Sep-2023
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ