ആര് എസ് എസ് കണ്ണുരുട്ടുന്നത് പേടിച്ച് സിപിഐ എംനെതിരെ മോഹന്‍ദാസ്
അഡ്മിൻ
തൃശൂര്‍ : ജൂലൈ 3ന് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പരസ്യപ്പെടുത്താന്‍ ആര് എസ് എസ് ബുദ്ധിജീവി ടി ജി മോഹന്‍ദാസിന്റെ വളഞ്ഞവഴി. സോഷ്യല്‍മീഡിയയില്‍ മോഹന്‍ദാസിന്റെ പ്രസ്താവനയ്ക്കെതിരെ ട്രോള്‍ ചാകര. സര്‍ക്കാരിനെതിരായുള്ള ഹര്‍ത്താലിന്റെ രഹസ്യ സ്പോണ്സര് സിപിഐ എം ആണെന്ന് ആരോപിച്ചാണ് മോഹന്‍ദാസ് പരിഹാസ്യനായത്. ടി ജി മോഹന്‍ദാസ് ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ഹര്‍ത്താല്‍ വിജയിച്ചാല്‍ അവരുടെ ദാസ്യമുള്ള പുതിയൊരു ഹിന്ദു നേതൃത്വം ഉണ്ടായതായി പ്രഖ്യാപിക്കും. പരാജയപ്പെട്ടാല്‍ സര്‍ക്കാരിനാണ് ഹിന്ദുക്കളുടെ പിന്തുണ എന്ന് വാദിക്കും. അക്രമമുണ്ടായാല്‍ മുന്‍ ആര് എസ് എസ് എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കും. എന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ്.
ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളി ആര് എസ് എസ് രംഗത്തുവന്നതിനു പിന്നാലെയാണ് മോഹന്‍ദാസ് വന്‍ മലക്കംമറിച്ചിലുമായി ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നത്. ശ്രീ അയ്യപ്പധര്‍മ്മസേന, ശ്രീരാമസേന, ഹനുമാന് സേന, വിശ്വകര്‍മ്മ സഭ, എന്നീ സംഘടനകള്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതൊക്കെ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള സംഘടനകളാണ്. ആര് എസ് എസ് നേതൃത്വത്തിന്റെ കണ്ണുരുട്ടലില്‍ നിന്ന് രക്ഷപ്പെടാനാണ് ഇതില്‍ പല സംഘടനകള്‍ക്കും ബുദ്ധി ഉപദേശിച്ചുകൊടുക്കുന്ന മോഹന്‍ദാസ്, സിപിഐ എംനെ പ്രതികൂട്ടിലാക്കാന്‍ സ്രമിക്കുന്നത്. സര്‍ക്കാര്‍ നിലപാട് ഹിന്ദുവിശ്വാസത്തിന് വിരുദ്ധവും ശബരിമല ആചാര അനുഷ്ഠാനം അട്ടിമറിക്കുന്നതുമാണെന്ന് ആരോപിച്ചാണ് ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തിരുന്നു. സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജെ ഡി ഗുപ്തയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഹര്‍ത്താലുമായി ആര് എസ് എസിന് യാതൊരു ബന്ധവുമില്ലെന്നാണ് സംഘടന കഴിഞ്ഞദിവസം അറിയിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നും വ്രതകാലയളവ് നാല്‍പ്പത്തിയൊന്ന് ദിവസമെന്നത് കുറക്കണമെന്നും ആര് എസ് എസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിശ്വാസികള്‍ക്കിടയില്‍ ആര് എസ് എസിന്റെ ഈ നിലപാട് ഏറെ പ്രതിഷേധം ഉണര്‍ത്തിയിട്ടുണ്ട്.