നിപ: കോഴിക്കോട് ആശങ്കാവഹമായ സ്ഥിതിയില്ല: മന്ത്രി മുഹമ്മദ് റിയാസ്
അഡ്മിൻ
കോഴിക്കോട് ജില്ലയിലെ അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റിസൾട്ട് പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും മുൻകരുതൽ സജ്ജമാണ്. മരുതോങ്കര പഞ്ചായത്ത് സമീപ പഞ്ചായത്തുകളിലെയും സ്ഥിതി വിലയിരുത്തി.
മരുതോങ്കര പഞ്ചായത്തിൽ ആശങ്കാവഹമായ സ്ഥിതിയില്ല. 90വീടുകൾ നീരിക്ഷണത്തിലുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. സമീപ പഞ്ചായത്തുകളിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിശോധനാഫലം വന്ന ശേഷം തുടർ നടപടികൾ സ്വീകരുക്കും. ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സമീപത്തെ എട്ട് പഞ്ചായത്തുകളിലെ സ്ഥിതി വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അത്യാവശ്യമില്ലെങ്കിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി റിയാസ് ആവശ്യപ്പെട്ടു. രോഗികളെ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കണം. മാസ്ക് ധരിക്കുന്നതാണ് അഭികാമ്യം. ഭയം വേണ്ട, ജാഗ്രത പുലർത്തണമെന്നും മന്ത്രി റിയാസ് പറഞ്ഞു. മരുതോങ്കരയിലെ 90 വീടുകൾ നിരീക്ഷണത്തിലാണ്. സമ്പർക്ക പട്ടികയിലുള്ളവരും നിരീക്ഷണത്തിലാണ്. കുറ്റ്യാടിയിൽ ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നിട്ടുണ്ട്. വകുപ്പ് മേധാവികൾ വൈകിട്ട് യോഗം ചേരും. മാസ്ക് നിർബന്ധമാക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
ജില്ലയിൽ ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നേരത്തെ അറിയിച്ചിരുന്നു. മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ച വ്യക്തിയുടെ ഭാര്യ നിരീക്ഷണത്തിലാണ്. 75 പേരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക തയ്യാറാക്കിയിട്ടുണ്ട്. പൂനെയിലെ എന്‍ഐവിയിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് വൈകുന്നേരം ലഭിക്കും.
16 അംഗ കോര്‍കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ എല്ലാ ആശുപത്രിയിലും പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാന പെരുമാറ്റച്ചട്ടവും നടപ്പിലാക്കും. വ്യാജവാര്‍ത്തകള്‍ പ്രചരിക്കരുതെന്നും ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.