ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുള്ള ട്രയല്‍റണ്‍ ചൊവ്വാഴ്ച.
അഡ്മിൻ
ഇടുക്കി : ചൊവ്വാഴ്ച ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തും. നാലു മണിക്കൂര്‍ വരെ നീണ്ടു നില്ക്കുന്ന ട്രയല്‍ റണ്ണിനായാണ് അധികൃതര്‍ തയ്യാറെടുക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി ഇന്ന് രാത്രി ഇടുക്കിയിലെത്തും. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.28 അടിയായി ഉയര്‍ന്നു. ഒരു അടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്' ജാഗ്രതാനിര്‍ദേശം നല്‍കും. ഇന്നു രാത്രി കണ്ട്രോള് റൂം തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് രേഖപ്പെടുത്തിയത് 91.20 മില്ലിമീറ്റര്‍ മഴയാണ്. ഇടുക്കിയിലെ പരമാവധി സംഭരണശേഷി 2400 അടിയാണ്. അതേസമയം, ഇടുക്കി ജില്ലയുടെ പല ഭാഗത്തും മഴ തുടരുന്നുണ്ട്.
അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റും. അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് കാണാനെത്തുന്ന ആളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഇടുക്കി ആര്ഡിഎമ്മിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനിച്ചു. അണക്കെട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം സുഗമമായി കടന്നുപോകാന്‍ വേണ്ട നടപടികള്‍ പെരിയാറിന്റെ ഇരുകരകളിലും ആരംഭിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പെരിയാറിന്റെ ചാലുകളില്‍ നിന്ന് ചെളി നീക്കം ചെയ്തു തുടങ്ങി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 12 ക്യാംപുകള്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.
ജലനിരപ്പ് 2400 അടി എത്തുന്നതിനു മുന്‍പു ഇടുക്കി അണക്കെട്ട് തുറക്കാനാണ് തീരുമാനം. ഇടുക്കി ജലസംഭരണിയില്‍ വെള്ളം ഉയരുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുന്‍പു ചെറുതോണി അണക്കെട്ടു തുറന്നതു 1992ല്‍ ആയിരുന്നു. വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയര്‍ത്തിയാണ്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകള്‍ തടഞ്ഞുനിര്‍ത്തുന്ന വെള്ളം ഏകദേശം 60 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്തായി വ്യാപിച്ചുകിടക്കുന്നു. 2200 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഇവിടെ സംഭരിക്കാം. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 88.36% വെള്ളം ഇപ്പോഴുണ്ട്. 36.54 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന് ആവശ്യമായ വെള്ളം ഇന്നലെ അണക്കെട്ടില്‍ ഒഴുകിയെത്തി. ഈ വെള്ളം തുരങ്കങ്ങളിലൂടെ മൂലമറ്റം വൈദ്യുത നിലയത്തിലേക്കാണ് എത്തുന്നത്. പ്രതിദിനം 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഇതിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. മൂലമറ്റം വൈദ്യുത നിലയത്തില്‍ 14.703 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. ഇടുക്കി അണക്കെട്ടു പ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കട്ടില്‍ ഇന്നലത്തെ ജലനിരപ്പ് 135.95 അടിയാണ്. വെള്ളം തമിഴ്നാട്ടിലേക്കു തുറന്നുവിട്ടിട്ടുണ്ട്. എന്നിട്ടും ജലനിരപ്പ് നിയന്ത്രിക്കാനായില്ലെങ്കില്‍ സ്പില്‍വേ വഴി ഇടുക്കി അണക്കെട്ടിലേക്കും വെള്ളം ഒഴുക്കിവിടേണ്ടിവരും.
29-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ