ഇന്ത്യയിലെ മതസ്വാതന്ത്ര്യക്കുറിച്ച് തെളിവെടുപ്പ് നടത്താൻ യുഎസ് കമ്മിഷൻ
അഡ്മിൻ
ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെയും ബന്ധപ്പെട്ട പ്രശ്നങ്ങളെയും സംബന്ധിച്ച് തെളിവെടുപ്പ് നടത്താൻ യുഎസ് കമ്മിഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്). സെപ്റ്റംബർ 20ന് തെളിവെടുപ്പ് നടത്തുമെന്നാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.
മതന്യൂനപക്ഷങ്ങൾക്കതിരായുള്ള ആക്രമണങ്ങൾ പരിഹരിക്കുന്നതിൽ യുഎസ് സർക്കാരിന് ഇന്ത്യയുമായി ചേർന്ന് എങ്ങനെ പ്രവർത്തിക്കാമെന്നത് സംബന്ധിച്ചാണ് കമ്മിഷൻ അന്വേഷണം നടത്തുന്നത്. തെളിവെടുപ്പിനായി ഫെർണാണ്ട് ഡി വരേനെസ് (ന്യൂനപക്ഷ വിഷയങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ), താരിഖ് അഹമ്മദ് (ഫോറിൻ ലോ സ്പെഷ്യലിസ്റ്റ്, ലോ ലൈബ്രറി ഓഫ് കോൺഗ്രസ്), സാറാ യാഗർ (വാഷിങ്ടൺ ഡയറക്ടർ, ഹ്യൂമൻ റൈറ്റ്സ് വാച്ച്), സുനിത വിശ്വനാഥ് (എക്സിക്യൂട്ടീവ് ഡയറക്ടർ, ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്), ഇർഫാൻ നൂറുദ്ദീൻ, (ഹമദ് ബിൻ ഖലീഫ അൽതാനി ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ പൊളിറ്റിക്സ് പ്രൊഫസർ) എന്നിവരെ കമ്മിഷൻ ക്ഷണിച്ചിട്ടുണ്ട്.
മുൻപ് നിരവധി തവണ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശപ്രശ്നങ്ങളിൽ അമേരിക്ക ഇടപെട്ടിട്ടുണ്ട്. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയെ വിമർശിച്ച് കൊണ്ട് മേയിൽ അമേരിക്ക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. കഴിഞ്ഞയാഴ്ച ജി20 ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിച്ചവേളയിൽ ഈ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.