പൂര്‍ണമായും ഒഴിഞ്ഞെന്ന് പറയാറായിട്ടില്ലെങ്കിലും നിപ കേസുകള്‍ കുറയുന്നത് ആശ്വാസമാണ്: മന്ത്രി മുഹമ്മദ് റിയാസ്

നിപ കേസുകള്‍ കുറയുന്നത് ആശ്വാസകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിപയെ പ്രതിരോധിക്കാന്‍ എല്ലാവരും ഒരുമിച്ച് നിന്നു. പരിഭ്രാന്തി ഉണ്ടാകേണ്ട പ്രശ്‌നമില്ലെന്ന് തുടക്കത്തിലെ സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. പക്ഷേ നിപയെ ജാഗ്രതയോടെ കാണണം. പാളിച്ചകളില്ലാതെ ഇതുവരെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡും നിപയും തമ്മില്‍ വ്യത്യാസമുണ്ട്. കൊവിഡിന് വ്യാപനം കൂടുതലാണ്. എന്നാല്‍ നിപയ്ക്ക് മരണനിരക്കാണ് കൂടുതല്‍. കൊവിഡ് 2-3 ശതമാനമാണ് മരണനിരക്ക്. നിപ 40 ശതമാനത്തോളം മരണനിരക്കുണ്ട്. നിപ ഉണ്ടായ സമയത്ത് തന്നെ സര്‍ക്കാര്‍ ഇടപെട്ടു. സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാവരും പരിപൂര്‍ണ പിന്തുണ അറിയിച്ചു. നിയന്ത്രണങ്ങള്‍ ജനം സ്വീകരിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ക്ലാസ് ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ വിദ്യാഭ്യാസ മന്ത്രി യോജിപ്പ് അറിയിച്ചു. കണ്ടെയിന്‍മെന്റ് സോണുകളില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി. കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു. ജനങ്ങളുമായി സംസാരിച്ചപ്പോള്‍ ഭയം കുറവായിരുന്നു. പൂര്‍ണമായും നിപ ഒഴിഞ്ഞെന്ന് പറയാറായിട്ടില്ലെങ്കിലും നിപ കേസുകള്‍ കുറയുന്നത് ആശ്വാസമാണ്. ഇന്ന് അവലോകന യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

17-Sep-2023