ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്നത് സനാതനത്തിന് യോജിച്ചതാണോ? ബി.ജെ.പിക്കെതിരെ കപില്‍ സിബല്‍

സനാതനധർമ്മ പരാമർശത്തിനെതിരെ ബിജെപി ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ബിജെപിക്കെതിരെ ശക്തമായ മറുപടിയുമായി കപിൽ സിബൽ എംപി."ബി.ജെ.പി ശരിക്കും സനാതനധര്‍മത്തിന്‍റെ സംരക്ഷകരാണോ? സനാതനധര്‍മത്തിന്‍റെ ആശയം സത്യസന്ധതയും, ആരെയും ദ്രോഹിക്കാതിരിക്കുകയും, വിശുദ്ധിയും, ക്ഷമയും, സഹായിക്കലുമാണ്. പ്രവര്‍ത്തികള്‍ നേര്‍വിപരീതമാകുന്ന ബി.ജെ.പിക്ക് എപ്പോഴെങ്കിലും സനാതനധര്‍മത്തെ സംരക്ഷിക്കാനാകുമോ?

വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച വ്യക്തിയെ സംരക്ഷിക്കുന്നത് സനാതനത്തിന് യോജിച്ചതാണോ? മണിപ്പൂരില്‍ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച്‌ സംസാരിക്കാതെ നിശബ്ദത പാലിക്കുന്നത് സനാതനത്തിന് ചേര്‍ന്നതാണോ? രാമക്ഷേത്രം നിര്‍മിച്ചത് കൊണ്ട് മാത്രം രാമഭക്തനാകുമെന്നാണോ?

രാമക്ഷേത്രം നിര്‍മിക്കുന്നത് വിശ്വാസം കൊണ്ടല്ല, അത് രാഷ്ട്രീയമാണ്. ഒരു സനാതന വിശ്വാസിക്കുണ്ടായിരിക്കേണ്ട എന്ന ഗുണമാണി നിങ്ങള്‍ക്കുള്ളതെന്ന് ജനങ്ങളോട് പറയാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ്" - കപില്‍ സിബല്‍ പറഞ്ഞു.

17-Sep-2023