അണക്കെട്ട് തുറക്കേണ്ട സാഹചര്യം നേരിടാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു : മുഖ്യമന്ത്രി

തിരുവനന്തപുരം : ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഷട്ടര്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ മേഖലയില്‍ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് തടയാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളില്‍ വിനോദസഞ്ചാരികളെയും കാഴ്ച കാണാനും പകര്‍ത്താനും എത്തുന്നവരെയും നിയന്ത്രിക്കാനാണ് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയ നിര്‍ദ്ദേശം. താഴേക്ക് ഉള്ള പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിലും, പാലങ്ങളിലും ആളുകള്‍ കൂട്ടം കൂടി നില്‍കുന്ന സ്ഥിതി ഉണ്ടാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ആവശ്യമായ സഹായം പോലീസില്‍ നിന്നും ലഭ്യമാക്കി, നദി തീരത്തും, നദിക്ക് കുറുകെയുള്ള പാലങ്ങളിലും ജനക്കൂട്ട നിയന്ത്രണം ഉറപ്പ് വരുത്തണം. നദിയുടെ ഇരു കരകളിലും, 100 മീറ്ററില്‍ ആരും നില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്ത് കാഴ്ച കാണാനും സെല്‍ഫി എടുക്കാനും ഉള്ള യാത്ര ഒഴിവാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിഫേസ്ബുക്കില്‍ എഴുതി. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശ്ശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇടുക്കിയിലും എത്തും. കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നല്‍കിക്കഴിഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വായു സേനയുടെ ഒരു Mi17V ഹെലികോപ്ടറും ALH ഹെലികോപ്ടറും സദാ സജ്ജമാക്കി വെച്ചിരിക്കുന്നു. നാവികസേനയും കരസേനയുടെയും നാല് കൊളം പട്ടാളക്കാരും വിന്യസിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാര്‍ഡ് സംഘവും തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും അതാത് സമയങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

29-Jul-2018