കേരള പിഎസ്‌സി രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

കേരള പിഎസ്‌സി രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന്റെ ഇടതുപക്ഷ മനോഭാവമാണ് അതിന് കാരണം. മറ്റ് സംസ്ഥാനങ്ങളിൽ പിഎസ്‌സി ദുർബലമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതി വർഷം ശരാശരി 30,000 നിയമനങ്ങൾ പിഎസ്‌സി വഴിയാണ് നടത്തുന്നത്.

7.5 വർഷത്തിനിടെ 2,20,000 ഓളം നിയമനം പിഎസ്‌സി വഴി നൽകി.വർഷം തോറും ഒരു കോടി യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് ബിജെപി കേന്ദ്രത്തിൽ ഭരണത്തിലെത്തി. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ നൽകാതെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വത്കരിക്കുന്നു. ഉണ്ടായിരുന്ന തൊഴിൽ അവസരം പോലും നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പിഎസ്‌സികളുടെ നിലനിൽപ്പ് അപകടത്തിലാവുന്ന സാഹചര്യമാണ്. പിഎസ്‌സിയെ ദുർബലപ്പെടുത്താൻ മറ്റ് സംസ്ഥാനങ്ങളിൽ നീക്കം നടക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും പിഎസ്‌സി നോക്കുകുത്തിയായി. നിയമനങ്ങളിൽ സംവരണം പോലും ലംഘിക്കപ്പെടുന്ന സാഹചര്യമാണ്. ഇത്തരം അഴിമതി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ കൊല ചെയ്ത സംഭവം പോലും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

18-Sep-2023