രാജ്യം വീണ്ടുമൊരു കര്‍ഷക പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കാനാരുങ്ങുന്നു

രാജ്യം വീണ്ടുമൊരു കര്‍ഷക പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കാനാരുങ്ങുന്നുവെന്ന് സൂചന. ട്രാക്ടറുകളുമായി തയ്യാറായിരിക്കാന്‍ കര്‍ഷകര്‍ക്ക് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഭൂമിയും വിളയും കന്നുകാലികളും സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

സൗജന്യ വൈദ്യുതി, മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം, അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്ക് സംരക്ഷണം തുടങ്ങിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ആവശ്യം. ആര്‍എസ്എസിന്റെയും ബിജെപിക്കാരുടെയും ഭീഷണി നേരിടുന്ന പ്രാദേശിക ക്ഷേത്രങ്ങളില്‍ യോഗങ്ങള്‍ നടത്താനും കര്‍ഷകരോട് ടിക്കായത്ത് ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്ക് മുന്നില്‍ ഒരേയൊരു മാര്‍ഗം മാത്രമേ അവശേഷിക്കുന്നുള്ളൂ, പ്രക്ഷോഭം. വീണ്ടും ഒരു പ്രക്ഷോഭം ആരംഭിച്ചില്ലെങ്കില്‍, ഭൂമിയും വിളയും എല്ലാം നഷ്ടപ്പെടും.' ടിക്കായത്ത് പറഞ്ഞു. ആര്‍എസ്എസുകാര്‍ ക്ഷേത്രങ്ങള്‍ കയ്യടക്കുന്നത് തടയാന്‍, പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ കര്‍ഷകര്‍ ഭാഗഭാക്കാകണമെന്നും, ക്ഷേത്രങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങള്‍ മുസ്ലീങ്ങളില്‍ നിന്ന് ഭീഷണി നേരിടുന്നില്ല, എന്നാല്‍ ആര്‍എസ്എസിന്റെയും ബിജെപിക്കാരുടെയും ഭീഷണി നേരിടുന്നു. വേണ്ടി വന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെയ്യുന്നതുപോലെ കയ്യില്‍ കുറുവടികളുമായി യോഗങ്ങള്‍ നടത്താന്‍ കര്‍ഷകര്‍ തയ്യാറാകണം. ആര്‍എസ്എസുകാര്‍ക്ക് കയ്യില്‍ ലാത്തിയുമായി നടക്കാമെങ്കില്‍ നിങ്ങള്‍ക്കും ലാത്തിയുമായി പരേഡ് ചെയ്യാമെന്ന് ടിക്കായത്ത് കര്‍ഷകരോട് ആഹ്വാനം ചെയ്തു.

19-Sep-2023