ആര് എസ് എസിനെ വെല്ലുവിളിച്ച് ഹനുമാന് സേനയുടെ ഹര്‍ത്താല്‍ പ്രഖ്യാപനം
അഡ്മിൻ
തൃശൂര്‍ : വിവിധ ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ച തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ആര് എസ് എസും ഹിന്ദു ഐക്യവേദിയും വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആര് എസ് എസിനെ വെല്ലുവിളിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മ്മ സേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന് പുരോഹിത്, ഹനുമാന് സേന ഭാരത് സംസ്ഥാന ചെയര്മാന് എ എം ഭക്തവല്‍സന്‍ എന്നിവര്‍ ആവര്‍ത്തിച്ചു അറിയിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് തിങ്കളാഴ്ച വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്താനാണ് ഈ സംഘടനകളുടെ തീരുമാനം.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര് എസ് എസ് നേതൃത്വവും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജുവും അറിയിച്ചു. ഹര്‍ത്താലുമായി ആര് എസ് എസിനു ബന്ധമില്ലെന്നും പിന്നില്‍ ആരാണെന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ആര് എസ് എസ് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ആശ്വാനം ചെയ്ത ഹര്‍ത്താലില്‍ പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗവും അറിയിച്ചു. ചില സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നും സ്വകാര്യ ബസുകള്‍ കോട്ടയത്തു സര്‍വീസു നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ എസ് സുരേഷ് അറിയിച്ചു.