ലോകത്തിലാദ്യം; ‘ഗ്രഫീന്‍ നയം’ പ്രഖ്യാപിക്കാൻ കേരളം

ലോകത്താദ്യമായി ഗ്രഫീന്‍ നയം പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് കേരളമെന്ന് മന്ത്രി പി രാജീവ്. തയ്യാറാക്കി കഴിഞ്ഞ നയം ഉടനെ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്രഫീന്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സ്ഥലം പാലക്കാട് കണ്ടെത്താനുള്ള നടപടികളും കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഗ്രഫീനില്‍ മറ്റൊരു കേരള മാതൃക ഉയരുമെന്നുറപ്പാണെന്നും മന്ത്രി രാജീവ് പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ലോകത്താദ്യമായി 'ഗ്രഫീൻ നയം' പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് കേരളം. ഇതിനകം തയ്യാറാക്കിക്കഴിഞ്ഞ നയം ഒരിക്കൽ കൂടി ഫൈൻ ട്യൂൺ ചെയ്ത് ഉടനെ പ്രഖ്യാപിക്കും.
പ്രോട്ടോടൈപ്പിൽ നിന്ന് പൈലറ്റ് പ്രോജക്ടിലേക്കും തുടർന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിലേക്കും ക്രമാനുഗതമായി മുന്നേറുന്ന വിധമായിരിക്കും ഗ്രഫീൻ പാതയിലെ കേരള സഞ്ചാരം.

ഗ്രഫീന്റെ വ്യാവസായികോൽപാദനം ഇതിനകം തുടങ്ങിക്കഴിഞ്ഞ കൊച്ചി കാർബോറാണ്ടത്തിന്റെ വിജയാനുഭവം നമുക്ക് മുന്നിലുണ്ട്. ഗ്രഫീനിലെ റിസർച്ച് ആന്റ് ഡവലപ്മെന്റ് നേതൃത്വം ഡിജിറ്റൽ സർവ്വകലാശാലക്കും വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദന പദ്ധതികളുടെ നേതൃത്വം വ്യവസായവകുപ്പിനും ആയിരിക്കും.

ഗ്രഫീൻ ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ഇതിനാവശ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികളും കിൻഫ്രയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഗ്രഫീനിൽ മറ്റൊരു കേരള മാതൃക ഉയരുമെന്നുറപ്പ്.

21-Sep-2023