സോണിയാ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
അഡ്മിൻ
അമേഠിയില്‍ സോണിയാ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയുടെ ലൈസന്‍സ് ചികത്സാപ്പിഴവ് ആരോപിച്ച് യു.പി. സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയുടെ ലൈസന്‍സാണ് ഉത്തര്‍പ്രദേശ് ആരോഗ്യവിഭാഗം സസ്പെന്‍ഡ് ചെയ്തത്.
22 വയസുള്ള യുവതിയുടെ മരണകാരണം ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികത്സാപ്പിഴവാണെന്ന പരാതിയിലാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വയറുവേദനയെത്തുടര്‍ന്ന് സെപ്റ്റംബര്‍ 14-നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 16-ന് ലക്നൗവിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയിരുന്നു. തൊട്ടടുത്ത ദിവസം യുവതി മരിച്ചു.
സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ നല്കിയ അനസ്തേഷ്യാ ഓവര്‍ ഡോസാണ് മരണകാരണമെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആശുപത്രിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിക്ക് ജില്ലാ ആരോഗ്യ വകുപ്പ് രൂപം നല്‍കിയിരുന്നു.
ചികത്സാപ്പിഴവുണ്ടായെന്ന പ്രാഥമിക കണ്ടെത്തലിനെത്തുടര്‍ന്നാണ് ആശുപത്രിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.