തമിഴ്നാട്ടിലെ എഐഎഡിഎംകെ - ബിജെപി തർക്കത്തിൽ പ്രശ്നപരിഹാരത്തിനായി മുതിർന്ന എഐഎഡിഎംകെ നേതാക്കളുടെ സംഘം ദില്ലിയിൽ എത്തി. അമിത് ഷായെയും ജെ പി നദ്ദയെയും എഐഎഡിഎംകെ നേതാക്കൾ കണ്ടേക്കും. സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അഞ്ച് സീറ്റിൽ കൂടുതൽ ബിജെപിക്ക് നൽകില്ലെന്നുമാണ് എഐഎഡിഎംകെ നിലപാട്.
അണ്ണാദുരൈയെ അധിക്ഷേപിച്ചത് അംഗീകരിക്കില്ലെന്നും എഐഡിഎംകെ നേതാക്കൾ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തെ അറിയിക്കും. അതേസമയം തമിഴ്നാട്ടിൽ കുറഞ്ഞത് 15 സീറ്റെങ്കിലും വേണമെന്നാണ് ബിജെപിയുടെ ആവശ്യം.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ സംസ്ഥാനത്ത് വാക്പോര് നടന്നുവരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെയുടെ പ്രധാന നേതാവ് സി ഷൺമുഖത്തിനെതിരെ അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് അഴിമതി നടത്തിയെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ചിരുന്നു.
തുടർച്ചയായി അണ്ണാമലൈ തങ്ങളുടെ നേതാക്കളെ അപമാനിക്കുന്നുവെന്നും ഇനിയും ഇത്തരത്തിൽ അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ നേതാക്കൾ പറഞ്ഞിരുന്നു.